തിരുവനന്തപുരം: കേന്ദ്രബഡ്ജറ്റിൽ ആദായനികുതി പരിധി ഉയർത്തിയതോടെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് അത്യാഹ്ളാദം. സെക്‌ഷൻ ഒാഫീസർക്ക് തുല്യമായ തസ്തികയിലുള്ളവരും അദ്ധ്യാപകരും തുല്യമായ പെൻഷൻ വാങ്ങുന്ന വിരമിച്ച ഉയർന്ന ഉദ്യോഗസ്ഥരും ആദായനികുതി വലയിൽ നിന്ന് രക്ഷപ്പെടും.സെക്രട്ടേറിയറ്റിലെ അയ്യായിരത്തോളം ജീവനക്കാരിൽ ആയിരത്തിൽ താഴെ മാത്രം ഇനി ആദായനികുതി കൊടുത്താൽ മതി.
അഞ്ച് ലക്ഷം രൂപ വരെ വാർഷിക ശമ്പളമുള്ളവർക്ക് റിട്ടേൺ പോലും നൽകേണ്ടിവരില്ല. 36,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ, സീനിയർ സൂപ്രണ്ട് തസ്തികയിലുളളവർ ഇൗ വിഭാഗത്തിൽ പെടും. ഇവർക്ക് പ്രതിമാസം 7,200 രൂപ ക്ഷാമബത്തയും ആയിരം രൂപ വീട്ടുവാടക അലവൻസും 420 രൂപ സിറ്റി അലവൻസും വരും . അതേസമയം ആദായനികുതി ഇളവുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ 50,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന അണ്ടർസെക്രട്ടറിക്ക് താഴെയുള്ളവർക്കും എൻട്രിലെവൽ പ്ളസ്ടു അദ്ധ്യാപകർ, സെക്‌ഷൻ ഒാഫീസർ തസ്തികകളിലുള്ളവർക്കും റിട്ടേൺ നൽകേണ്ടി വരുമെങ്കിലും ആദായനികുതി അടയ്‌ക്കേണ്ട. നിലവിൽ ഇവർ 18,000 രൂപയിലേറെ ആദായ നികുതി അടച്ചിരുന്നു.
തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്യുന്ന സീനിയർ സെക്‌ഷൻ ഒാഫീസർ തസ്തികയിലെ അടിസ്ഥാന ശമ്പളം 50,600 രൂപയാണ്. 15 ശതമാനം ഡി.എ 7,590 രൂപയും 2,500 രൂപ എച്ച്. ആർ.എ, സിറ്റി കോംപൻസേറ്ററി അലവൻസ് 450 രൂപയും ചേർത്ത് 61,140 രൂപയാണ് മൊത്തം ശമ്പളം വരിക. ഇതനുസരിച്ച് വർഷത്തിൽ 7,33,680 രൂപ വരുമാനം ലഭിക്കും. അഞ്ച് ലക്ഷം രൂപയുടെ പരിധി കഴിഞ്ഞ് 2,33,680 രൂപയാണ് ആദായനികുതി അടക്കേണ്ട വരുമാനം. ഇതിൽനിന്ന് സ്റ്റാൻഡേർഡ് ഡിഡക്‌ഷൻ 50,000 രൂപയും പി. എഫ്, സ്റ്റേറ്റ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ്, പ്രൊഫഷണൽ ടാക്സ്, കേന്ദ്രസർക്കാരിന്റെ നികുതി സംരക്ഷണ നിക്ഷേപങ്ങൾ,വീട്ടുവാടക, കുട്ടികളുടെ ട്യൂഷൻ ഫീസ്, എൽ.ഐ.സി, എന്നിവ ഉൾപ്പെടെ 1.50 ലക്ഷം രൂപ കുറയ്ക്കാം. ഇത് കഴിഞ്ഞാൽ ബാക്കി 83,680 രൂപയാണ് നികുതി വരുമാനമായി ശേഷിക്കുക. കുട്ടികളുടെ വിദ്യാഭ്യാസവായ്പ, മെഡിക്കൽ ഇൻഷുറൻസ്, ഭവനവായ്പ എന്നിവയുടെ തിരിച്ചടവും പി. എഫിലെ അധിക നിക്ഷേപവുമുണ്ടെങ്കിൽ പുതിയ സാഹചര്യത്തിൽ നികുതിയടവ് പൂർണ്ണമായും ഒഴിവാക്കാം.
സെക്രട്ടേറിയറ്റിലെ 4,864 ജീവനക്കാരിൽ നിലവിൽ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള 1,200ഓളം ജീവനക്കാരാണ് നികുതി ബാദ്ധ്യതയിൽ നിന്ന് ഒഴിവായിരുന്നത്. പുതിയ സാഹചര്യത്തിൽ അണ്ടർസെക്രട്ടറി, സീനിയർ സെക്‌ഷൻ ഒാഫീസർ തസ്തികയിലുൾപ്പെടുന്ന ആയിരത്തോളം ഉയർന്ന തസ്തികയിലെ ജീവനക്കാരൊഴികെ എല്ലാവരും നികുതിവലയിൽ നിന്ന് രക്ഷപ്പെടും. ഇതര സർക്കാർ സ്ഥാപനങ്ങളിലും സമാനമായ സാഹചര്യമാണ്.