തിരുവനന്തപുരം: വിപ്ലവകരമായ ബഡ്‌ജറ്റാണ് നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. മാനുഷിക മുഖമുള്ള ബഡ്ജറ്റാണിത്. കർഷകനും അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും വരുമാനം ഉറപ്പാക്കിയ പിയൂഷ് ഗോയലിന്റെ നടപടി സമാനതകളില്ലാത്തതാണ്. മോദി സർക്കാർ വൻകിടക്കാരെ സഹായിക്കുന്നുവെന്ന ആരോപണങ്ങൾക്കുള്ള തിരിച്ചടിയാണ് ബഡ്ജറ്റിലെ നിർദ്ദേശങ്ങൾ.ജനോപകാരപ്രദമായി പദ്ധതികൾ എങ്ങനെ അവതരിപ്പിക്കണമെന്ന് പഠിക്കാൻ കേരളാ ധനമന്ത്രി തോമസ് ഐസക് പിയൂഷ് ഗോയലിന് ശിഷ്യപ്പെടണമെന്നും രമേശ് ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച
ബഡ്ജറ്റ് : പി കെ കൃഷ്ണദാസ്
തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. സന്തുലിതവും സമഗ്രവുമായ വികസനത്തിന് വഴി തെളിക്കുന്ന ബഡ്ജറ്റ് പുതിയൊരു ഇന്ത്യയെ പടുത്തുയർത്താൻ സഹായകമാകും. ഭക്ഷ്യസുരക്ഷയ്ക്കും രാഷ്ട്രസുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്നതും പാവപ്പെട്ടവർക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും പ്രയോജനം ചെയ്യുന്നതുമായ ബഡ്ജറ്റാണിത്. ഇത്തരമൊരു ബഡ്ജറ്റ് കോൺഗ്രസിന് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.