umman

തിരുവനന്തപുരം: എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിൽ വിറളി പിടിച്ച നരേന്ദ്രമോദി സർക്കാർ അധികാരമൊഴിയാൻ നേരത്ത് ബഡ്‌ജറ്റിലൂടെ വാഗ്ദാനപ്പെരുമഴ നടത്തി ജനങ്ങളെ വഞ്ചിച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്ന് പറയുന്നത് മുമ്പ് 15 ലക്ഷം ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ വരുമെന്ന് പറഞ്ഞത് പോലുള്ള വാഗ്ദാനമായി മാത്രമേ കാണാനാവൂ. ഒരു വർഷം മുമ്പെങ്കിലും ഇത്തരമൊരു പ്രഖ്യാപനം വന്നിരുന്നെങ്കിൽ ജനങ്ങൾ സ്വീകരിക്കുമായിരുന്നു. അഞ്ച് വർഷത്തെ ഭരണം കഴിയുമ്പോൾ രാജ്യത്ത് ഏറ്റവുമധികം തകർന്നുപോയത് കർഷകരും അസംഘടിത മേഖലയുമാണ്. അവരുടെ രോഷം ഏറ്റുവാങ്ങിയാണ് പല സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരുകൾ നിലംപൊത്തിയത്. കേന്ദ്രസർക്കാരും ഉടനെ വീഴുമെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് വാഗ്‌ദാനപ്രളയം ഉണ്ടായതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

അധാർമികം: മുല്ലപ്പള്ളി
രണ്ട് മാസത്തിനുള്ളിൽ അധികാരമൊഴിയേണ്ട മോദി സർക്കാർ ബഡ്‌ജറ്റിലൂടെ നടത്തിയ വാ‌ഗ്‌ദാനങ്ങൾ അധാർമികമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വോട്ട് ഓൺ അക്കൗണ്ട് തേടേണ്ടതിന് പകരം ഫുൾ ബഡ്‌ജറ്റ് അവതരിപ്പിച്ച മോദി സർക്കാരിന് ബഡ്‌ജറ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം പോലുമില്ല. 46 മാസം ഭരിക്കുന്നതിനിടയ്‌ക്ക് കർഷകരെയും അസംഘടിത തൊഴിലാളികളെയും അവഗണിച്ച സർക്കാരാണിത്. അതുകൊണ്ടാണ് അവർക്ക് വാരിക്കോരി വാഗ്ദാനങ്ങൾ നല്കിയത്. ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട സർക്കാരാണിതെന്ന് സമീപകാല തിരഞ്ഞെടുപ്പുകളും വിവിധ സർവേകളും വ്യക്തമാക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.