തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതിയായ, നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സിന്റെ സേവനങ്ങൾ വിപുലപ്പെടുത്തി. ബാങ്കുകളുൾപ്പെടെയുളള ഒൻപതു ധനകാര്യ സ്ഥാപനങ്ങളുടെ 3000 ശാഖകളിലൂടെയാണ് പദ്ധതി നടപ്പിലാകുക. നോർക്ക റൂട്ട്‌സ് സിൻഡിക്കേറ്റ് ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു.
ലണ്ടനിൽ ഒരു ശാഖയിലും ഒമാനിൽ സിൻഡിക്കേറ്റ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മുസാൻഡം എക്‌സ്‌ചേഞ്ച് കമ്പനിയുടെ 15 ശാഖകളിലും കേരളത്തിലെ 248 ശാഖകളിലും പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ, പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവ മുഖാന്തരം വായ്പ അനുവദിക്കുന്നുണ്ട്. നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത അപേക്ഷകരെ മുൻഗണനാക്രമം അനുസരിച്ചാണ് പരിഗണിക്കുന്നത്. അപേക്ഷകർക്ക് വിദഗ്ദ്ധ പരിശീലനം നൽകും.30 ലക്ഷം രൂപ വരെ മൂലധനച്ചെലവുളള സംരംഭങ്ങൾക്ക് 15 ശതമാനം മൂലധന സബ്‌സിഡിയിൽ പരമാവധി മൂന്ന് ലക്ഷം രൂപ വരെ പദ്ധതിയിൽ ലഭിക്കും. ഗഡുക്കൾ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലുവർഷം മൂന്ന് ശതമാനം പലിശ സബ്‌സിഡി ബാങ്ക് വായ്പയിൽ ക്രമീകരിച്ച് നൽകും.
ഈ സാമ്പത്തിക വർഷം 15 കോടി രൂപ പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. ഇതു വരെ 737 ഗുണഭോക്താക്കൾക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങൾ മുഖേന 8.7 കോടി രൂപ സബ്‌സിഡി നൽകി.