pukasa

തിരുവനന്തപുരം: രക്തസാക്ഷിദിനത്തിൽ ഹിന്ദു മഹാസഭയുടെ നേതാവ് ഗാന്ധിജിയുടെ ചിത്രത്തിനു നേരെ വെടിയുതിർക്കുകയും കൊല്ലപ്പെടേണ്ടയാളാണ് അദ്ദേഹമെന്ന സന്ദേശം നൽകുകയും ചെയ്യുന്നത് രാജ്യം നേരിടുന്ന അപകടത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനെതിരെ ഉണർന്നിരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നവകേരള സാംസ്‌കാരിക യാത്രയുടെ ഉദ്ഘാടനം ഗാന്ധിപാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളായി നമ്മൾ നേടിയെടുത്ത നന്മകൾക്കെതിരെ ഹീനമായ ആക്രമണം നടക്കുകയാണ്. മനുഷ്യനെ മനുഷ്യനെതിരെ തിരിക്കുകയും പുറത്താക്കിയ അന്ധവിശ്വാസങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്യുകയാണ്. സ്ത്രീകളെ മാറ്റിനിറുത്തുന്നതും ഇതിന്റെ ഭാഗമാണ്. സാമൂഹിക രാഷ്ട്രീയ സാഹിത്യ രംഗങ്ങളിലെ മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ചത്. കേരളത്തിനെ പാകപ്പെടുത്തുന്നതിൽ ശ്രീനാരായണഗുരു വഹിച്ച പങ്ക് നിസ്തുലമാണ്. അയ്യാ വൈകുണ്ഠനും ആറാട്ടുപുഴ വേലായുധപണിക്കരും ചട്ടമ്പി സ്വാമികളും അയ്യൻകാളിയുമെല്ലാം കേരളത്തിലെ സാമൂഹിക അനാചാരങ്ങൾക്കെതിരെ നിരന്തരമായി പോരാടിയവരാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുൺ അദ്ധ്യക്ഷത വഹിച്ചു. സയ്ദ് മിർസ, ടി.വി.ചന്ദ്രൻ, ജോർജ്ജ് ഓണക്കൂർ, കേരള കൗമുദി പ്രോജക്ട്സ് എഡിറ്ററും കവിയുമായ മഞ്ചു വെള്ളായണി, എഴാച്ചേരി രാമചന്ദ്രൻ, പ്രഭാവർമ്മ, ഭാഗ്യലക്ഷ്മി, വിധു വിൻസന്റ്, ഓമനക്കുട്ടി ,നീന പ്രസാദ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ആനാവൂർ നാഗപ്പൻ, പി. രാജീവ്, ഉഷ എസ്. നായർ, കാരയ്ക്കാമണ്ഡപം വിജയകുമാർ, വി.കെ.മധു, വിനോദ് വൈശാഖി എന്നിവരും പങ്കെടുത്തു. ജാഥയുടെ പതാക ഷാജി എൻ.കരുണിന് മുഖ്യമന്ത്രി കൈമാറി.