ksr

തിരുവനന്തപുരം: കെ.എസ്.ആ‍ർ.ടി.സി ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ കരാറിലെ മന്ത്രിയുടെ ഇടപെടൽ വെളിച്ചത്താക്കിയ കേരളകൗമുദി റിപ്പോർട്ടിനു പിന്നാലെ,​ കരാർ അനുവദിക്കുന്നത് ജാഗ്രത പാലിച്ചു മതിയെന്ന് സർക്കാർ തീരുമാനം. മെഷീൻ വാങ്ങുന്നതിന് ടെൻഡ‌ർ നൽകുന്ന വ്യവസ്ഥകളും മറ്റും അടങ്ങുന്ന ഫയൽ മുഖ്യമന്ത്രിയടെ ഓഫീസ് പരിശോധിച്ചു. എം.ഡ‌ി സ്ഥാനത്തു നിന്ന് ടോമിൻ ജെ. തച്ചങ്കരി പുറത്തായതിൽ ടെൻ‌ഡർ വിവാദത്തിനുള്ള പങ്ക് വെളിപ്പെടുത്തുന്നതായിരുന്നു കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോ‌ർട്ട്.

ജി.പി.എസ് സംവിധാനമുള്ള ടിക്കറ്ര് മെഷീനുകൾ വാങ്ങാനുള്ള ടെൻഡർ നടപടികളിൽ ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനിയെ ഉൾപ്പെടുത്താത്തതിനെ ചൊല്ലി തച്ചങ്കരിയും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് തച്ചങ്കരിയുടെ പുറത്താകിലിനു പ്രധാന കാരണമായത്. എന്നാൽ,​ ഇക്കാര്യത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ വഴിവിട്ട ഇടപാടുകളൊന്നും നടത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ കെ.എസ്.ആർ.ടി.സിയിൽ എന്നും വിവാദമായിട്ടേയുള്ളൂ. ഏറ്റവും ഒടുവിൽ ഒരു മെഷീന് വാർഷിക മെയിന്റനൻസ് ചാർജ് ഇനത്തിൽ 3280 രൂപ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ആകെ 6200 മെഷീനുകളാണ് ഉള്ളത്. 2017 ഏപ്രിൽ 9ന് നൽകിയ കരാറിലൂടെ സ്വകാര്യ കമ്പനിക്കു നൽകിയത് 2.4 കോടി രൂപ.

 കത്ത് പുറത്തായതിൽ അന്വേഷണം

മന്ത്രിയുടെ ശുപാർശയോടു കൂടിയുള്ള ബംഗളൂരുവിലെ മൈക്രോ എഫ്.എക്സ് കമ്പനിയുടെ കത്തിന്റെ കോപ്പി കേരളകൗമുദിയിലൂടെ പുറത്തുവന്നതിനെ കുറിച്ച് കുറിച്ച് അന്വേഷണം. വളരെ ചുരുക്കം പേർ മാത്രം കണ്ടിട്ടുള്ള കത്ത് മന്ത്രിയുടെ സീൽ സഹിതം പുറത്തായതിനെ കുറിച്ച് മന്ത്രിയുടെ ഓഫീസ് തന്നെയാണ് അന്വേഷിക്കുന്നത്.