kerala-assembly

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരന്തത്തിനിരയായ എല്ലാവർക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ദയാബായിയുടെ നേതൃത്വത്തിൽ എൻഡോസാൾഫാൻ പീഡിത ജനകീയമുന്നണി സെക്രട്ടേറിയറ്റിന് മുന്നിൽ ബുധനാഴ്ച ആരംഭിച്ച അനിശ്ചിതകാല പട്ടിണിസമരം പരിഹരിക്കാൻ മന്ത്രിമാരായ കെ.കെ.ശൈലജയും ഇ. ചന്ദ്രശേഖരനും സമരസമിതി നേതാക്കളുമായി ഇന്നലെ നടത്തിയ ചർച്ച വിജയിച്ചില്ല. സമരം തുടരുമെന്നും നാളെ രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്നും സമരസമിതി നേതാക്കളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, മുനീസ അമ്പലത്തറ, സമീറ പരപ്പ എന്നിവർ അറിയിച്ചു.

എൻഡോസാൾഫാൻ പീഡിതരുടെ പട്ടികയിലുൾപ്പെടുത്തുന്നതിന് നിലവിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്നും അർഹരായ എല്ലാവരെയും ഉൾപ്പെടുത്തണമെന്നുമാണ് സമരസമിതിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ ഹൈക്കോടതിയും ദേശീയ ആരോഗ്യവിഭാഗവും 2013 ൽ നിശ്ചയിച്ച മാനദണ്ഡങ്ങൾ മാറ്റാൻ കഴിയില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നതോടെയാണ് നിയമസഭാമന്ദിരത്തിലെ റവന്യൂമന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ച പരാജയപ്പെട്ടത്.

സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്സ് സ്‌കൂളുകൾ കാസർകോട് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രിമാർ ചർച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ബഡ്സ് സ്‌കൂളുകളുടെ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. ദുരന്തബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുളിയാർ പഞ്ചായത്തിൽ 68 കോടിയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിക്കഴിഞ്ഞു. ഈ മേഖലയിൽ ബാക്കിവന്ന എൻഡോസൾഫാൻ ശാസ്ത്രീയമായി നിർവീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യാ ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാർ അറിയിച്ചു.