തിരുവനന്തപുരം: പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ഇടക്കാല ബഡ്‌ജറ്റായിട്ടുപോലും കേന്ദ്ര ബജറ്റിൽ കേരളത്തിന് പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്ര വിഹിതത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുകയിൽ 26,639 കോടി രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ നികുതി വരുമാനത്തിലുണ്ടായിട്ടുള്ള കുറവിനു പുറമെ 38,265 കോടി രൂപ ജി.എസ്.ടി കോമ്പൻസേഷൻ ഫണ്ടിൽ നിന്ന് വെട്ടിക്കുറച്ചു.
പ്രളയക്കെടുതിയെ അതിജീവിക്കാനും നമ്മുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ല. കേരളത്തിന്റെ ചിരകാല ആവശ്യമായിരുന്നു എയിംസ്. ഇത്തവണത്തെ ബജറ്റിലും കേരളത്തിന് ഇത് അനുവദിച്ചിട്ടില്ല. കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറിയെക്കുറിച്ചാവട്ടെ മിണ്ടാട്ടമില്ല. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികൾ ആരംഭിക്കാനോ ബജറ്റിൽ നിർദേശമില്ല.
റബ്ബർവില സ്ഥിരതാ ഫണ്ടിനെക്കുറിച്ചും ബജറ്റിൽ മൗനമാണ്. മാത്രമല്ല, ഇറക്കുമതി ചുങ്കങ്ങൾക്ക് ഇനിയും ഇളവ് നൽകും എന്ന പ്രഖ്യാപനം കേരളത്തിന്റെ കാർഷിക സമ്പദ്ഘടനയെ തകർക്കും.
വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടിയും ബജറ്റിലില്ല. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതത്തിന്റെയും കുതിച്ചുയരുന്ന വിലയെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഇടപെടലും ബജറ്റിൽ കാണാനില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതൽ നല്ല നിലയിൽ നടപ്പിലാക്കിയിട്ടുള്ളതാണ്.
സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കേന്ദ്രബഡ്ജറ്റ് നിരാശാജനകമാണ്.മുഖ്യമന്ത്രി പറഞ്ഞു.