parassala

പാറശാല: വ്ലാത്താങ്കര വൃന്ദാവൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പഠനം ഇനി എളുപ്പത്തിൽ നടത്താം. ആസ്വാദ്യകരമായ അന്തരീക്ഷത്തിൽ പഠനം നടത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ് റെയിൻബോ ഒരുക്കിയ നൂതന രീതിയിലുള്ള പഠനമുറി ' വിൻ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് 'ലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ 'ലാംഗ്വേജ് ലാബ് ' സ്കൂളിന് തുറന്നു കൊടുത്തു. വാർഡ് മെമ്പർ മിനി, പി.ടി.എ പ്രസിഡന്റ് ഷാജി, സീനിയർ അസിസ്റ്റന്റ് വിജയകുമാർ എന്നിവർ സംസാരിച്ചു. വാൾ ലൈബ്രറി, ഡിസ്‌പ്ളേ ബോർഡ്, സി.ഡി. ലൈബ്രറി, നോട്ടീസ് ബോർഡ്, ഡോക്യുമെന്റേഷൻ ബോർഡ് തുടങ്ങി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ആവശ്യമായ സംവിധാനങ്ങൾ പഠനമുറിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ക്ലാസിലെ പഠന വിഷയങ്ങളുമായി ബന്ധപ്പെട്ടവ പ്രദർശിപ്പിക്കാനും പഠന വിഭവങ്ങൾ യഥേഷ്ടം ഉപയോഗിക്കാനും കഴിയുന്ന തരത്തിലാണ് ലാബ്. സ്‌കൂളിലെ പൂർവവിദ്യാർത്ഥിയായ പെരുമ്പഴുതൂർ ഗവ. ഹൈസ്കൂളിലെ അദ്ധ്യാപകനും ഇംഗ്ലീഷ് ഭാഷാ ട്രയിനറുമായ പി.എസ്. ഗോഡ്‌വിനാണ് 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാനുള്ള ഈ ലാബ് തയാറാക്കി സ്കൂളിന് സമർപ്പിച്ചത്. എസ്.സി.ഇ.ആർ.ടി.യുടെ സഹകരണത്തോടെ നടന്ന ദ്വിദിന തിയേറ്റർ ക്യാമ്പിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. കാട്ടാക്കട ബി.ആർ.സി ട്രെയിനർ ജയചന്ദ്രൻ, പി. എസ്. ഗോഡ്‌വിൻ, കെ.എസ്. മിനി, നിസി പോൾ ഷാരോൺ, മഞ്ജു.ഡി.ടി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.