election

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി,​ യു.ഡി.എഫും എൽ.ഡി.എഫും ഔദ്യോഗിക സീറ്റ് വിഭജന ചർച്ചകളിലേക്ക്. യു.ഡി.എഫിൽ വിവിധ കക്ഷികൾ പരസ്യമായി അവകാശവാദമുന്നയിച്ചു നിൽക്കെ, ഈ മാസം 10 മുതൽ മുഴുവൻ ഘടകകക്ഷികളുമായും,​ സഹകരിച്ചു നിൽക്കുന്നവരുമായും ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമിടാൻ ഇന്നലെ ചേർന്ന അടിയന്തര യു.ഡി.എഫ് യോഗം തീരുമാനിച്ചത്. വിവാദങ്ങൾ ഒഴിവാക്കാൻ,​ അതുവരെ അവകാശവാദങ്ങൾ സംബന്ധിച്ച് പരസ്യചർച്ച പാടില്ലെന്ന് യോഗം നിർദ്ദേശിച്ചു.

ഇടതു മുന്നണിയിലാകട്ടെ ഘടകകക്ഷികൾ പരസ്യമായി അവകാശവാദമുന്നയിച്ച് രംഗത്തെത്തിയില്ലെങ്കിലും പുതുതായെത്തിയ കക്ഷികളടക്കം സീറ്റ് പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഘടകകക്ഷികളുമായും,​ പുറത്ത് സഹകരിച്ചു നിൽക്കുന്നവരുമായും അടുത്ത ദിവസം തന്നെ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കാനാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായിരുന്നു.

ഇന്നലെ യു.ഡി.എഫ് യോഗം ആരംഭിച്ചപ്പോൾത്തന്നെ ഉഭയകക്ഷിചർച്ചയുടെ കാര്യം നേതാക്കൾ പ്രഖ്യാപിക്കുകയായിരുന്നു. സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ യോഗത്തിൽ ചർച്ചയാക്കരുതെന്ന് നേതാക്കൾ അഭ്യർത്ഥിച്ചതു കാരണം ആരും അക്കാര്യം മിണ്ടിയില്ല. മുസ്ലിംലീഗും കേരള കോൺഗ്രസ്- മാണിയും കേരള കോൺഗ്രസ്- ജേക്കബും ഫോർവേഡ് ബ്ലോക്കും സീറ്റ് ആവശ്യവുമായി രംഗത്തുണ്ട്. കഴിഞ്ഞതവണ ജനതാദൾ-യുവിന് വിട്ടുകൊടുത്ത പാലക്കാട് സീറ്റ് വീരേന്ദ്രകുമാർ മുന്നണി വിട്ടുപോയ സാഹചര്യത്തിൽ കിട്ടണമെന്ന് ആവശ്യപ്പെടാനാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ലീഗ് ദേശീയ നേതൃയോഗത്തിലെ തീരുമാനം. മാണി ഗ്രൂപ്പും അധികസീറ്റ് ചോദിക്കുന്നുണ്ട്. ഇടുക്കിയോ ചാലക്കുടിയോ കിട്ടണമെന്ന ആവശ്യമുയർത്തി നിൽക്കുന്നത് മാണിഗ്രൂപ്പിൽ ജോസഫ് വിഭാഗമാണ്. പാർട്ടിക്കകത്തെ സമ്മർദ്ദഗ്രൂപ്പായി വിലപേശൽ നടത്താനുള്ള ജോസഫിന്റെ നീക്കം പാർട്ടിക്കും മുന്നണിക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്ന സ്ഥിതിയുണ്ട്. ഇടുക്കി ചോദിച്ച ജേക്കബ് ഗ്രൂപ്പ് അവസാനനിമിഷം വഴങ്ങിയേക്കാമെന്ന് കോൺഗ്രസ് കരുതുന്നു. ലീഗ്, മാണി ഗ്രൂപ്പ് സമ്മർദ്ദങ്ങളാകും യു.ഡി.എഫ് നേതൃത്വത്തിന് തലവേദന വരുത്തിവയ്ക്കുക.

എൽ.ഡി.എഫിൽ എൻ.സി.പിയും ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരള കോൺഗ്രസും സീറ്റ് ആഗ്രഹിച്ച് നിൽക്കുമ്പോൾ ഉഭയകക്ഷിചർച്ചയിൽ സി.പി.എം നേതൃത്വത്തിന്റെ നിലപാടാകും നിർണായകം. .