തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിനെതിരെ സമരപരിപാടികളിലേക്ക് നീങ്ങാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ബഡ്ജറ്റ് പ്രസംഗം പാസാക്കുന്ന ഈ മാസം ആറിന് 140 നിയോജക മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനം നടത്തും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കേരളയാത്ര നാളെ തുടങ്ങുന്നതിനാൽ അദ്ദേഹത്തിന്റെ പ്രതിനിധികളെ വച്ച് തിരുവനന്തപുരത്ത് ഘടകകക്ഷികളുമായി സീറ്റ് വിഭജനത്തിൽ ഉഭയകക്ഷിചർച്ച നടത്താനും തീരുമാനിച്ചു. മുല്ലപ്പള്ളി പങ്കെടുക്കേണ്ടത് അനിവാര്യമായാൽ ജാഥയ്ക്കിടയിൽ അദ്ദേഹത്തിന് സൗകര്യമുള്ള സ്ഥലങ്ങളിൽ ചർച്ച നടക്കും. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ഐക്യത്തോടെ സീറ്റ് ചർച്ച പൂർത്തിയാക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിടിച്ചുവാങ്ങുകയും തട്ടിപ്പറിക്കുകയും യു.ഡി.എഫിന്റെ രീതിയല്ല. കെ.എം. മാണി മടങ്ങിവരുമ്പോൾ ഉപാധികൾ വച്ചിട്ടില്ല. ഉപാധികളോടെയല്ല, പാരമ്പര്യത്തിന്റെയും കീഴ്‌വഴക്കത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഭയകക്ഷിചർച്ചകൾ.
മുന്നണിപ്രവേശനത്തിന് അപേക്ഷിച്ച കക്ഷികളുമായി തന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഉപസമിതി 6,7 തീയതികളിൽ ചർച്ച നടത്തും.
പ്രളയാനന്തര പുനർനിർമ്മാണത്തിന് ദിശാബോധമില്ലാത്ത സംസ്ഥാന ബഡ്ജറ്റ് നിരാശാജനകമാണ്. രണ്ടരവർഷം മുമ്പ് ധനമന്ത്രി തോമസ് ഐസക് കൊണ്ടുവന്ന ധവളപത്രത്തിലെ നിർദ്ദേശങ്ങൾ പോലും നടപ്പാക്കാനായിട്ടില്ലെന്ന കുറ്റസമ്മതം ഈ ബഡ്ജറ്റിലുണ്ട്. 30 ശതമാനം നികുതിവളർച്ചയെന്ന ധനമന്ത്രിയുടെ ആഗ്രഹം പ്രായോഗികമല്ല. ജനങ്ങളെ പറ്റിക്കലാണ്. വലിയ നികുതിഭാരം അടിച്ചേല്പിച്ചതിലൂടെ വിലക്കയറ്റമുണ്ടാകും.
തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതാണ് കേന്ദ്രബഡ്ജറ്റ്. നാല് വർഷം സാധാരണക്കാരെയും കർഷകരെയും തൊഴിലാളികളെയും കാണാതെ കോർപ്പറേറ്റുകൾക്ക് വാരിക്കോരി കൊടുത്ത മോദി അവസാനസമയത്ത് കാട്ടുന്ന തന്ത്രം ജനങ്ങൾക്ക് മനസിലാകും. പ്രളയത്തിൽ നിന്ന് കേരളത്തെ കരകയറ്റാൻ കേന്ദ്രം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.