സി.പി.എമ്മിന്റെയോ ബി.ജെ.പിയുടെയോ പ്രാദേശികനേതാവിന്റെ വീടിന് നേർക്ക് ആക്രമണം നടക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. വീട് നേതാവിന്റെ മാത്രമല്ല കുടുംബാംഗങ്ങളുടെയും കിടപ്പാടമാണെന്നിരിക്കെ, പാവം വീട്ടുകാർ എന്ത് പിഴച്ചു? ഇരുട്ടിന്റെ മറപിടിച്ചോ വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയോ ആയിരിക്കും ആക്രമണം. ഫലത്തിൽ, ഭീരുത്വത്തിന്റെ അക്രമാസക്തമായ ഒരു വിളയാട്ടമാണ് ഈ പ്രതികാര പരിപാടി. അടുത്തകാലം വരെയും തെക്കൻ ജില്ലകൾക്ക് അപരിചിതമായിരുന്നു അക്രമരാഷ്ട്രീയത്തിന്റെ വഴിപിഴച്ച സന്തതികൾ. തെക്കൻ ജില്ലകളിലും അവർ കുടിയേറി രോഗം പരത്തുന്നുവെന്ന് വേണം കരുതാൻ.
രാഷ്ട്രീയ പാർട്ടികൾ ഇന്ത്യയിലോ കേരളത്തിലോ മാത്രമല്ല. ജനാധിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന എല്ലാ രാജ്യങ്ങളിലുമുണ്ട്. 123 രാജ്യങ്ങളിൽ ജനാധിപത്യഭരണമാണ് നിലവിൽ. ചെറിയ രാജ്യങ്ങളിൽ പോലുമുണ്ട്, ധാരാളം രാഷ്ട്രീയപാർട്ടികൾ. ജനങ്ങൾക്ക് അക്രമാസക്തി കൂടുതലാണെന്ന് കരുതപ്പെടുന്ന രാജ്യങ്ങളിലും ഭിന്നധ്രുവങ്ങളിൽ നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടികൾ സാധാരണമാണ്. കേരളത്തിന്റെ പകുതി വിസ്തീർണവും 90 ലക്ഷത്തോളം ജനങ്ങളും മാത്രമുള്ള ഇസ്രയേലിൽ 34 രാഷ്ട്രീയ പാർട്ടികളുണ്ട്. അക്രമം കാണിക്കാൻ അറിയാത്തവരോ ആരോഗ്യമില്ലാത്തവരോ അല്ല, ഇസ്രയേലിലെ യുവാക്കൾ. പക്ഷേ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടോ അല്ലാതെയോ ഇസ്രയേലിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ നടക്കാറില്ല. കാരണം രാജ്യത്തിന്റെ പുരോഗതിയും ജനങ്ങളുടെ ക്ഷേമവുമാണ് രാഷ്ട്രിയപാർട്ടികൾക്ക് പ്രധാനം. ജനങ്ങളും ഇക്കാര്യത്തിൽ വളരെയേറെ ബോധവാന്മാരാണ്.
സൈദ്ധാന്തിക നിലപാടിന്റെ തലത്തിൽ നിന്ന് അധികാരക്കൊതിയിലേക്ക് രാഷ്ട്രീയം അധഃപതിക്കുന്നതാണ് അക്രമങ്ങൾക്കും സംഘട്ടനങ്ങൾക്കും കാരണം. സൈദ്ധാന്തിക നിലപാടാണ് പ്രധാനമെങ്കിൽ ആശയസംവാദത്തിന്റെ കാര്യമേയുള്ളൂ. എന്നാൽ, ആശയങ്ങൾ ഇല്ലാതാവുകയും അധികാരം അടക്കാനാവാത്ത ഒരു പ്രലോഭനമായി മാറുകയും ചെയ്യുമ്പോൾ സംവാദങ്ങൾ മതിയാകാതെ വരും. വികാരങ്ങൾക്ക് തീകൊളുത്തിയും ആളിപ്പടർത്തിയും സംഘർഷത്തിന്റെ അന്തരീക്ഷം നിലനിറുത്തിയാലേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ആവേശഭരിതരായ അണികളെ സൃഷ്ടിക്കാനാവൂ. എങ്ങനെയും തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ എത്തുകയാണ് അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കളുടെ ലക്ഷ്യമെന്ന് മനസിലാക്കാൻ സാമാന്യബുദ്ധി മതി.
രാഷ്ട്രീയ പ്രതിയോഗികളുടെ വീടുകൾ ആക്രമിക്കാൻ തക്കംപാർത്ത് നടക്കുന്ന കുട്ടിക്കുരങ്ങന്മാർ എപ്പോഴെങ്കിലും തങ്ങളുടെ രാഷ്ട്രീയ പാർട്ടിയുടെ സൈദ്ധാന്തിക നിലപാടിനെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ ചിന്തിക്കാറുണ്ടോ? രാഷ്ട്രീയ സംഘർഷത്തിന്റെ ഗുണഫലം അനുഭവിക്കാൻ പോകുന്ന നേതാക്കന്മാരുടെ വീടുകൾക്ക് നേരെ ആക്രമണം നടക്കാറുണ്ടോയെന്നും ചിന്തിക്കാറില്ല. അധികാര രാഷ്ട്രീയത്തിന്റെ പടിക്ക് പുറത്തു നിൽക്കുന്ന സാധാരണ പ്രവർത്തകരുടെ വീടുകളാണ് പൊതുവെ ആക്രമണത്തിന് ഇരയാകുന്നത്. ആക്രമിക്കുന്നവർക്കും ആക്രമണത്തിന് ഇരയാകുന്നവർക്കും വാശിയും വൈരാഗ്യവും മാത്രമേ കാണൂ ലാഭിക്കാനും നഷ്ടപ്പെടാനും. ആക്രമിക്കപ്പെട്ട വീട് പുതുക്കിപ്പണിയാനുള്ള സാമ്പത്തികശേഷി പോലും കാണില്ല പലർക്കും.
ഒരു വീട്ടിൽ തന്നെ വിവിധ രാഷ്ട്രീയപാർട്ടികളിൽ വിശ്വസിക്കുന്നവർ കാണുമെന്നതാണ് കേരളത്തിലെ ഒരു പ്രത്യേകത. മാതാപിതാക്കളുടെ പരമ്പരാഗത രാഷ്ട്രീയവിശ്വാസവുമായി പൊരുത്തപ്പെടുന്നതായിരിക്കില്ല കോളേജ് വിദ്യാർത്ഥിയായ മകന്റെ രാഷ്ട്രീയം. ജോലി സ്ഥലത്തെ പ്രബല യൂണിയനിൽ ചേരേണ്ടിയും പ്രവർത്തിക്കേണ്ടിയും വന്ന ഒരാളുടെ രാഷ്ട്രീയ വിശ്വാസമായിരിക്കില്ല, അയാളുടെ ദൈവവിശ്വാസിയായ ഭാര്യയ്ക്ക്. വിശ്വാസത്തിന്റെ അടിസ്ഥാനം പ്രത്യയ ശാസ്ത്രമോ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോ അല്ലാതിരിക്കെ ഇതൊക്കെ സ്വാഭാവികമാണ്. കിടപ്പാടങ്ങളെയും രാഷ്ട്രീയ പ്രതിയോഗികളെ പോലെ കാണുന്നവർ ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അന്നം പോലെ പ്രധാനമാണ് കിടപ്പാടവും. രാഷ്ട്രീയ പ്രതിയോഗിയുടെ കിണറ്റിൽ വിഷം കലർത്തുന്നത് പോലെ ഹീനമാണ് കിടപ്പാടം നശിപ്പിക്കുന്നത്.
ജനാധിപത്യത്തിന് നിരക്കാത്തതും ഭീകരപ്രവർത്തനത്തിന് സമാനവുമായ, ഈ വൃത്തികെട്ട പ്രതികാര പരിപാടി അവസാനിപ്പിക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ വിചാരിച്ചാൽ തീർച്ചയായും സാധിക്കും. രാഷ്ട്രീയ സംരക്ഷണത്തിന്റെ തണലിലാണ് മറ്റൊരു തൊഴിലുമില്ലാത്തവർ കിടപ്പാടങ്ങളെ ഉന്നമിടുന്നത്. തങ്ങളുടെ വീടും ആക്രമിക്കപ്പെട്ടേക്കാമെന്ന് ചിന്തിക്കാൻ ത്രാണിയില്ലാത്തവരാണ് അവർ. അണികളെ ആവേശഭരിതരാക്കാനും പ്രതിയോഗികളെ നേരിടാനും രാഷ്ട്രീയത്തിൽ വേറെ എത്രയോ വഴികളുണ്ട്. കിടപ്പാടങ്ങളെ വെറുതെ വിടണമെന്ന് ഉന്നതനേതാക്കൾ കർശനമായി നിർദ്ദേശിച്ചാൽ അന്ന് തീരും, ഈ തരംതാണ പ്രതികാരപരിപാടി.