നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കോടതിയിൽ പ്രതികൾക്കൊപ്പം പൊലീസുകാരെയും പ്രതിക്കൂട്ടിൽ കയറ്റിനിറുത്തിയ സംഭവത്തിൽ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് നെയ്യാറ്റിൻകര മജിസ്‌ട്രേട്ട് കോടതി രണ്ടിൽ പുളിങ്കുടി എ.ആർ.പി ക്യാമ്പിലെ മൂന്ന് പൊലീസുകാരെ പ്രതികൾക്കൊപ്പം പ്രതിക്കൂട്ടിൽ മജിസ്ട്രേട്ട് കയറ്റിനിറുത്തിയത്. ഇതിനെതിരെ പൊലീസുകാരായ നൂറുൾ അമീൻ, വിഷ്ണു, ശ്യാം എന്നിവർ സി.ജെ.എമ്മിന് പരാതി നൽകിയിരുന്നു. തുടർന്നാണ് തിരുവനന്തപുരം സി.ജെ.എം. എ.എസ്. മല്ലിക അന്വേഷണം ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 11ന് മൂന്നാം കോടതിയിൽ ഹാജരാക്കാൻ നാല് പ്രതികളുമായി പൊലീസുകാരെത്തി. മജിസ്‌ട്രേട്ട് അവധിയിലായതിനാൽ ബെഞ്ച് ക്ലാർക്ക് രേഖകൾ രണ്ടാം കോടതിയിൽ കൊണ്ടുപോയി. പ്രതികളുമായി പൊലീസ് രണ്ടാം കോടതിയിലെത്തിയപ്പോഴേക്കും രണ്ട് മിനിട്ട് വൈകിയിരുന്നു. ഇതോടെ ക്ഷുഭിതനായ മജിസ്‌ട്രേട്ട് ജോൺ വർഗീസ് പൊലീസുകാരോട് പ്രതികൾക്കൊപ്പം പ്രതിക്കൂട്ടിൽ കയറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബെൽറ്റും തൊപ്പിയും അഴിപ്പിച്ചതായാണ് പരാതി.