തിരുവനന്തപുരം അത്യാവശ്യ ഘട്ടത്തിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കൈവശമില്ലേ? അതോ, നഷ്ടപ്പെട്ടോ? എന്തായാലും ഇനി പേടിക്കേണ്ട. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് തേടി അലയുകയും വേണ്ട. സ്‌മാർട്ട് ഫോണുണ്ടെങ്കിൽ നിമിഷങ്ങൾക്കകം ഡ്യൂപ്ലിക്കേറ്റ് റെഡി.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അക്കാഡമിക് സർട്ടിഫിക്കറ്റ് ഡിജിറ്റലാവുന്നത് കേരളത്തിൽ ആദ്യമാണ്. ഒറിജിനൽ സർട്ടിഫിക്കറ്റോ, ​പകർപ്പോ കൊണ്ടു നടക്കേണ്ടതില്ല. ആധാർ നമ്പർ യൂസർ നെയിമാക്കി,​ സ്വന്തം പാസ്‌ വേഡ് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകുന്ന വെബ്സൈറ്റിൽ കയറി ഏതു സമയത്തും ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം.ഇതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അടുത്ത മാസത്തോടെ ഡിജിറ്റൽ സംവിധാനം യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്. പരീക്ഷാഭവനാണ് ഇതിന്റെ ചുമതല.

2018 മുതലുള്ള സർട്ടിഫിക്കറ്റുകളാണ് തത്കാലം ഡിജിറ്റലാക്കുന്നത്. സാങ്കേതിക സംവിധാനം വിപുലപ്പെടുത്തുന്നതിന് അനുസരിച്ച് 2017 വരെയുള്ള സർട്ടിഫിക്കറ്റുകളും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കും. അതുവരെ,​ പഴയ സർട്ടിഫിക്കറ്റുകൾക്ക് നിലവിലെ സംവിധാനം തുടരും.

ഒഴിവാകുന്ന കടമ്പകൾ

വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ,​ വയസ് തെളിയിക്കാനുമുള്ള പ്രധാന രേഖയാണ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്. ഇത് കൈമോശം വന്നാൽ പരീക്ഷാഭവനിൽ നിന്ന് ഡ്യൂപ്ളിക്കേറ്റ് എടുക്കാൻ നിലവിൽ നൂലാമാലകൾ ഏറെയാണ്. ഡിജിറ്റൽ സംവിധാനം വരുന്നതോടെ അത് ഇല്ലാതാവും. കടമ്പകൾ ഇവ:

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടതിന്റെ പത്ര പരസ്യം

 പരസ്യം വന്ന്15 ദിവസത്തിന് ശേഷം സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടപ്പെട്ടെന്ന നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് പരീക്ഷാസെക്രട്ടറിക്ക് അപേക്ഷ നൽകണം.

 അപേക്ഷാഫീസ് 500 രൂപ. കാലപ്പഴക്കത്തിന് അനുസരിച്ച് ഫീസ് ഉയരും

 ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റിന് കാലതാമസം.