ടോയ്‌ലറ്റുകൾ വിഷയമാക്കിക്കൊണ്ടുള്ള ഒരു മ്യൂസിയമുണ്ട് ന്യൂഡൽഹിയിൽ. ഇന്ത്യയുടെ അപൂർവ മ്യൂസിയങ്ങളിൽ ഒന്നും ലോകത്തിലെ എറ്റവും വിചിത്രമായ മ്യൂസിയങ്ങളിൽ ഒന്ന് കൂടിയുമാണ് ഇത്.
ഡൽഹിയിലെ സുലഭ് ഇന്റർനാഷണൽ മ്യൂസിയം ഒഫ് ടോയ്‌ലറ്റ് എന്നാണ് ഈ അതിശയിപ്പിക്കുന്ന മ്യൂസിയം അറിയപ്പെടുന്നത്. വിവിധ കാലങ്ങളിലായി ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള ടോയ്‌ലറ്റ് രൂപങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ജനങ്ങൾക്കിടയിൽ ടോയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി ശുചിത്വമുള്ള മെച്ചപ്പെട്ട ജീവിതച്ചുറ്റുപാടുകൾ ഒരുക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈ മ്യൂസിയം.
ഡോക്ടർ ബിന്ദേശ്വർ പഥക് ആണ് ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ. 3000 ബി സി വരെ പഴക്കമുള്ള പ്രദർശനവസ്തുക്കൾ ഇവിടെ കാണാൻ സാധിക്കും. ആദ്യകാല മൂത്രപാത്രങ്ങൾ, റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണവും വെള്ളികൊണ്ടും ഉണ്ടാക്കിയ ടോയ്‌ലറ്റുകൾ, അലങ്കൃതമായ വിക്ടോറിയൻ ടോയ്‌ലറ്റ് സീറ്റുകൾ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ ആകർഷണങ്ങൾ. രാവിലെ 10.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഇവിടുത്തെ പ്രദർശനസമയം. ഇവിടെ പ്രവേശനം സൗജന്യമാണ്.