zoo

തിരുവനന്തപുരം: മൃഗങ്ങളുടെയും പക്ഷികളുടെയും എണ്ണം ക്രമാതീതമായി വർദ്ധിച്ചത് തിരുവനന്തപുരം മൃഗശാലയെ ശ്വാസം മുട്ടിക്കുന്നു. കൂടുകൾ പലതും പൊളിച്ചുപണിയുന്നതിനാൽ ഒരു കൂട്ടിൽ ഒന്നിലധികം പക്ഷികളെയും മൃഗങ്ങളെയും പാർപ്പിക്കുന്നത് ഇവ പരസ്പരം കടിപിടികൂടാനും പോരടിക്കാനും ഇടയാക്കുന്നു.

മയിൽ,കടുവ, പുലി, മാനുകൾ തുടങ്ങിയവ എണ്ണത്തിൽ പെരുകിയതാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. ജനനനിയന്ത്രണ പദ്ധതി മുഖേന മാനുകളുടെ വംശവർദ്ധന നിയന്ത്രിച്ചെങ്കിലും കൂട്ടിൽ കഴിയാവുന്നതിലധികമായത് ഇവയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മാൻ വർഗത്തിൽപ്പെട്ട കൃഷ്ണമൃഗം, കേഴമാൻ, പുള്ളിമാൻ, പന്നിമാൻ എന്നിവയുടെയെല്ലാം എണ്ണം ശേഷിയേക്കാൾ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്. ദുഷ്ട മൃഗങ്ങളിൽ കടുവകളും പുലികളുമാണ് ഏറ്റവുമധികമുള്ളത്. രണ്ട് കടുവകളെ നാഗലാൻഡിലേക്ക് നൽകിയശേഷം ഏഴ് കടുവകളാണ് ഇവിടെ ശേഷിക്കുന്നുണ്ട്. മൂന്ന് കടുവകൾക്ക് കഷ്ടിച്ച് കഴിയാൻ സൗകര്യമുളളിടത്താണ് ഇരട്ടിയിലധികം കഴിയുന്നത്. കണ്ണൂർ, വയനാട് എന്നിവിടങ്ങളിൽ ജനവാസ മേഖലകളിൽ നിന്ന് പിടികൂടിയ രണ്ടെണ്ണമുൾപ്പെടെ പുലികളുടെ എണ്ണം ഏഴാണ്. ഇവയ്ക്ക് ആവശ്യമായ പരിചരണവും ചികിത്സയും നൽകി വനത്തിൽ തിരികെ വിടേണ്ട ഉത്തരവാദിത്വം വനം വകുപ്പിനാണ്. സ്വന്തമായുള്ള റസ്ക്യൂ ഹോമുകൾ പ്രവർത്തനക്ഷമമല്ലെന്ന കാരണത്താൽ വനം വകുപ്പ് കഴിഞ്ഞ കുറേ നാളുകളായി ഇത്തരം ജീവികളെ പിടികൂടിയാൽ മൃഗശാലയ്ക്ക് കൈമാറി തടിതപ്പുകയാണ് പതിവ്. തൃശൂർ മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം പെരുകിയതോടെ അവിടെ വനംവകുപ്പിന്റെ പക്കൽ നിന്ന് മൃഗങ്ങളെ സ്വീകരിക്കുന്നത് വിലക്കിയിട്ടുണ്ട്. അതിനാൽ കഴിഞ്ഞ രണ്ട് വർഷമായി തിരുവനന്തപുരം മൃഗശാലയിലേക്കാണ് ഇവയെ എത്തിക്കുന്നത്. തീറ്റിപ്പോറ്റുന്നതും ചികിത്സാ ചെലവുകൾ വഹിക്കുന്നതിലും ദുഷ്കരമാണ് മൃഗശാലയിലെ മൃഗങ്ങളുമായി ഇവയെ മെരുക്കുന്നത്.

കാട്ടിൽ നിന്ന് നാട്ടിലെത്തുന്ന മൃഗങ്ങളെ തിരികെ വനത്തിൽ വിടണമെന്നാണ് ചട്ടം. എന്നാൽ വനം വകുപ്പിൽ നിന്ന് ഇക്കാര്യത്തിൽ അനുകൂല നടപടികളൊന്നും ഉണ്ടാകാറില്ലെന്നതാണ് വാസ്തവം.

നിലവിൽ കൂടുതലുള്ള മൃഗങ്ങളുടെ എണ്ണം

കടുവ- 7

പുലി-7

മയിൽ -20

കൃഷ്ണമൃഗം-60

പുള്ളിമാൻ-150

കേഴമാൻ- 13

പന്നിമാൻ-40