തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായി മൂന്നാഴ്ച മുൻപ് താത്കാലിക സ്ഥാനക്കയറ്റം നൽകിയവരിൽ, അച്ചടക്ക നടപടി നേരിടുന്ന 11പേരെ സി.ഐമാരായി തരംതാഴ്‌ത്തി സർക്കാരിന്റെ കർശന നടപടി. ആദ്യമായാണ് പൊലീസിൽ കൂട്ട തരംതാഴ്‌ത്തൽ. കൃത്യവിലോപത്തിനും കേസുകളിൽ പെട്ടതിനുമാണ് ഇവർ നടപടി നേരിടുന്നത്. അതേസമയം, താത്കാലികമായി സ്ഥാനക്കയറ്റം ലഭിച്ചവരെ പഴയ തസ്തികയിൽ നിലനിറുത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പൊലീസിലെ ഒരു ബാച്ചിന് സ്ഥാനക്കയറ്റം നൽകുമ്പോൾ നടപടി നേരിട്ടവർക്കും സ്ഥാനക്കയറ്റം നൽകുന്നതായിരുന്നു പതിവ്. എന്നാൽ ശിക്ഷാനടപടി നേരിടുന്നവരുടെ സ്ഥാനക്കയറ്റം തടയാൻ പൊലീസ് ആക്ടിലെ 101-ാം വകുപ്പിലെ ആറാം ഉപവകുപ്പ് എടുത്തുകളഞ്ഞ് മൂന്നാഴ്ച മുൻപ് ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഈ ഭേദഗതി പ്രാബല്യത്തിലായ ശേഷമാണ് സ്ഥാനക്കയറ്റ സമിതി യോഗം ചേരാതെ ഇവർക്ക് സ്ഥാനക്കയറ്റം നൽകിയത്. നടപടി നേരിട്ടവരുടെ സ്ഥാനക്കയറ്റം തടഞ്ഞാൽ കോടതിയിൽ പോയി അനുകൂല വിധി നേടുകയായിരുന്നു പതിവ്. ഭേദഗതി വന്നതോടെ അത് അസാദ്ധ്യമായി. എങ്കിലും തരംതാഴ്‌ത്തിയതിനെതിരെ ഈ ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.
പരിശോധിച്ചത് 4 വർഷത്തെ ലിസ്റ്റ്
2016 മുതൽ താൽക്കാലിക പ്രൊമോഷൻ നൽകിയ ഡിവൈ.എസ്.പിമാരുടെ പട്ടികയാണ് ആഭ്യന്തരവകുപ്പ് പുനഃപരിശോധിച്ചത്. നടപടി നേരിട്ട 12 പേരെ തരംതാഴ്‌ത്താൻ ശുപാർശ നൽകി. ഡിവൈ.എസ്.പി എം.ആർ മധുബാബു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന് രണ്ട് ദിവസത്തേക്ക് സ്റ്റേ നേടിയതിനാൽ ലിസ്റ്റിൽ നിന്ന് ഒഴിവായി. ബാക്കി 11 പേരെയാണ് തരംതാഴ്‌ത്തിയത്.
ഇനി ഇങ്ങനെ
സസ്‌പെൻഷൻ, പിഴ, സർക്കാരിനുണ്ടാക്കിയ നഷ്ടം ശമ്പളത്തിൽ നിന്നു പിടിക്കൽ, ജോലിയും പെരുമാറ്റവും മെച്ചപ്പെടുത്താനുള്ള പരിശീലനം, ഡ്രില്ലും കായിക പരിശീലനവും, താക്കീത്, ശാസന, ശമ്പളവർദ്ധന തടയൽ തുടങ്ങിയ നടപടികൾ നേരിട്ടവരുടെ സ്ഥാനക്കയറ്റം പ്രൊമോഷൻ സമിതി ചേർന്നു തീരുമാനിക്കും.
സമിതിയുടെ അദ്ധ്യക്ഷൻ പി.എസ്.സി അംഗമായിരിക്കും. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും അംഗങ്ങൾ.
പൊലീസ് ആക്ടിലെ സെക്‌ഷൻ 101 (4) പ്രകാരമാവും സ്ഥാനക്കയറ്റം പരിഗണിക്കുക.
തരംതാഴ്‌ത്തപ്പെട്ടവർ:
കെ.എസ്. ഉദയഭാനു- ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ്, എറണാകുളം, റൂറൽ, എസ്. വിജയൻ - മട്ടാഞ്ചേരി, എസ്. അശോക് കുമാർ - സി.ബി.സി.ഐ.ഡി, കോട്ടയം, എം. ഉല്ലാസ്‌കുമാർ- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, മലപ്പുറം, എ. വിപിൻ ദാസ് - എസ്.ബി.സി.ഐ.ഡി, പാലക്കാട്, വി.ജി. രവീന്ദ്രനാഥ് - ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, എറണാകുളം റൂറൽ, എം.കെ. മനോജ് കബീർ - നാർക്കോട്ടിക് സെൽ, വയനാട്, ആർ. സന്തോഷ്‌കുമാർ - എസ്.ബി.സി.ഐ.ഡി, മലപ്പുറം, ഇ. സുനിൽകുമാർ - നാദാപുരം, ടി. അനിൽകുമാർ (സീനിയർ).- ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച്, ആലപ്പുഴ, കെ.എ. വിദ്യാധരൻ- നാർകോട്ടിക് സെൽ, പത്തനംതിട്ട. ഇവരിൽ ടി. അനിൽകുമാറിനെ ഡിവൈ.എസ്.പിയായി ആറ്റിങ്ങലിൽ നിയമിച്ച് തെറ്റായി ഉത്തരവിറങ്ങി. തെറ്റുതിരുത്തി വീണ്ടും ഉത്തരവിറക്കുമെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.