old-age-

അമ്പതു വയസിനു മേൽ തൊലിക്കു വരുന്ന വ്യത്യാസങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇത് രോഗാവസ്ഥയാണ് എന്ന് പരിഭ്രമിച്ച് ഡോക്ടറെ സമീപിക്കുന്ന അനേകം ആൾക്കാരുണ്ട്. അത് ത്വക്കിലുണ്ടാകുന്ന സ്വാഭാവിക പരിണാമങ്ങൾ ആണ് , ഈ അവസ്ഥയിൽ നിന്നൊരു മാറ്റം പെട്ടെന്നുണ്ടാകുകയാണെങ്കിൽ മാത്രം ഡോക്‌ടറെ സമീപിച്ചാൽ മതി.

ഏറ്റവും പ്രധാനമായും സാധാരണമായും കാണുന്നത്, തൊലിയിലുണ്ടാകുന്ന നിറംമാറ്റങ്ങളാണ്. കറുത്ത നിറമുള്ള പുള്ളികൾ ധാരാളമായി മുഖത്തും കൈകാലുകളുടെ പുറംഭാഗങ്ങളിലും മുഖത്തും പ്രത്യക്ഷപ്പെടാം. വളരെ വിരളമായി, അവ ത്വക്കിലെ അർബുദരോഗമായി മാറുന്നതായി കണ്ടിട്ടുണ്ട്. ദേഹത്തുണ്ടായ കാക്കപ്പുള്ളികളുടെ കറുത്ത നിറം അധികരിക്കുകയോ, വലിപ്പം വയ്ക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണുക.

രോമങ്ങളിൽ വരുന്ന മാറ്റമാണ് പിന്നീട് പ്രധാനമായിട്ടുള്ളത്. 50 വയസിനു മേൽ തലമുടിയുടെ കട്ടി കുറയുകയും, കൊഴിയുകയും നരയ്‌ക്കുകയും ചെയ്യും. 20 വയസിനു മുമ്പ് മുടി നരക്കുകയാണെങ്കിൽ അത് അകാല നരയായാണ് അറിയപ്പെടുന്നത്. അതിന് പാരമ്പര്യം ഒരു ഘടകമാണ്. ചില രോഗങ്ങളുടെയും ലക്ഷണമായി അത് ഉണ്ടാകും. പക്ഷേ മദ്ധ്യവയസ് കഴിയുമ്പോഴേക്കും രോമകൂപങ്ങളിൽ വലിയ കുമിളകൾ പ്രത്യക്ഷപ്പെടും. അതോടൊപ്പം നിറം നൽകുന്ന കോശങ്ങളിൽ കുറവുണ്ടാകും. അങ്ങനെയാണ് നര പ്രത്യക്ഷപ്പെടുന്നത്.

നിറുകയിലെ മുടി കൊഴിയുന്നതും വശങ്ങളിലേക്ക് നര വ്യാപിക്കുന്നതും സാധാരണമാണ്. പ്രത്യേകിച്ചും ആർത്തവം നിലയ്ക്കാറാകുമ്പോൾ. തലയോട്ടിയിലും മറ്റുമുള്ള രോമങ്ങൾ ഹോർമോണുകളെ ആശ്രയിച്ചാണ് നിലനില്ക്കുന്നത്. മദ്ധ്യവയസ് കഴിയുമ്പോൾ പുരുഷ ഹോർമോണുകളുടെയും സ്ത്രീ ഹോർമോണുകളുടെയും ഉത്‌പാദനം കുറയുകയും അതിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. തന്മൂലം പുരുഷന്മാരിൽ നെഞ്ചത്തും പുറത്തും തലയിലുള്ള രോമങ്ങൾ കൊഴിഞ്ഞ് ഇല്ലാതാവുന്നു. എന്നാൽ ചില ശരീരഭാഗങ്ങളിൽ ഉദാഹരണം ചെവിയിലും, പുരികത്തിലും ഉള്ള രോമങ്ങൾ കട്ടി കൂടി, കുറ്റിരോമങ്ങളായി മാറുന്നതും കാണാം.

ആർത്തവ വിരാമം വന്ന സ്‌ത്രീകളിൽ ചർമ്മത്തിൽ പലതരം അസ്വസ്‌ഥതകൾ കണ്ടുവരുന്നുണ്ട്. വരണ്ട തൊലി, ശരീരത്തിൽ അസഹ്യമായ ചൂട് അനുഭവപ്പെടുക, കൈപ്പത്തിയിലെയും കാൽപാദങ്ങളിലെയും തൊലിയുടെ കട്ടി കൂടിവരിക ഇവയൊക്കെ മിക്ക സ്‌‌ത്രീകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. മുഖത്ത് 'കരിമംഗല്യം" എന്ന് പഴമക്കാർ പറയുന്ന കറുത്ത പാടുകൾ, ചുവന്ന മറുകുകൾ, മടക്കുകളിലെ തൊലി കറുക്കുകയും കട്ടിപിടിക്കുകയും ചെയ്യുക, മുഖത്ത് രോമങ്ങൾ വളരുക എന്നിവയും ആർത്തവം നിലച്ച സ്ത്രീകളിൽ ധാരാളമായി കണ്ടുവരുന്നു.

വാർദ്ധക്യം തുടങ്ങുമ്പോൾ, മുഖത്തെ ചുളിവുകളാണ് ആദ്യമായി പ്രത്യക്ഷപ്പെടുക. ത്വക്കിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതു കൊണ്ടാണത്. ശരീരമാസകലമുള്ള ചർമ്മത്തിന് അസഹ്യമായ ചൊറിച്ചിൽ ചിലർക്ക് ഉണ്ടാകും. അത് പ്രായമാകുമ്പോൾ തൊലി വരളുന്നതു കൊണ്ടാണ്. ചെവിയിൽ വയ്ക്കുന്ന ഹിയറിംഗ് എയ്‌ഡിലെ പ്ളാസ്റ്റിക്കിനോടുള്ള അലർജി, കണ്ണാടി ഫ്രെയിമിനോടുള്ള അലർജി, ഹെയർ ഡൈകളോടുള്ള അലർജി ഇവയും മദ്ധ്യവയസ്കരിലും വൃദ്ധരിലും കൂടുതലായി കാണുന്നുണ്ട്.

നഖത്തിലുണ്ടാകുന്ന മാറ്റങ്ങൾ

നഖത്തിലെ മാറ്റങ്ങൾ പറയുന്നവയാണ് , നഖം പൊട്ടിപ്പോവുക, നഖത്തിന്റെ ആകൃതിയിൽ മാറ്റമുണ്ടാവുക, നഖത്തിനടിയിൽ രക്തസ്രാവം ഉണ്ടാവുക പുഴുക്കടി മൂലമുണ്ടാകുന്ന നഖച്ചുറ്റ്, അണുബാധ കൊണ്ട് നഖത്തിനു ചുറ്റുമുള്ള ചർമ്മത്തിന് വേദനയും നീർക്കെട്ട്, നഖം വിട്ടുപോകുക എന്നിവ സാധാരണയായി കണ്ടുവരുന്നു.

സൂര്യപ്രകാശം കൂടുതൽ ഏല്ക്കുന്ന ശരീരഭാഗങ്ങളിൽ, ഉദാ: മുഖം, കൈകാലുകളുടെ പുറം ഭാഗം, തൊലി കട്ടിപിടിക്കുകയും, ചുളിവുകൾ ഉണ്ടാവുകയും ചെയ്യും. ചർമ്മത്തിനോടു ചേർന്നു കിടക്കുന്ന കറുത്ത മറുകുകൾ, പെട്ടെന്ന് പ്രത്യക്ഷപ്പെടാം. കഴുത്തിന് പിറകിൽ വെയിൽ കൂടുതൽ ഏല്ക്കുന്ന ഭാഗത്ത് ചതുരാകൃതിയിൽ തൊലി കട്ടിപിടിച്ച് ചുളിവുകളോടെ കാണപ്പെടും. മുഖക്കുരു പോലെയുള്ള ചെറിയ കുരുക്കൾ മുഖത്തും കഴുത്തിലും പ്രത്യക്ഷപ്പെടുന്നു.

ചിലപ്പോൾ മുഖത്തുണ്ടാവുന്ന കറുത്ത പാടുകൾ ത്വക് കാൻസറായി രൂപാന്തരം പ്രാപിക്കാനും സാദ്ധ്യതയുണ്ട്.

വാർദ്ധക്യത്തിലെ പോഷകാഹാരക്കുറവു കാരണം ചർമ്മത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. വിറ്റാമിനുകളുടെ കുറവും ചർമ്മത്തിൽ പ്രതിഫലിക്കും. വിറ്റാമിനുകളുടെ ലഭ്യതക്കുറവ് കൊണ്ടുണ്ടാകുന്ന രോഗങ്ങൾ വാ‌ർദ്ധക്യത്തിൽ കൂടുതലായി കാണാം. അതിന്റെ മാറ്റങ്ങൾ തൊലിയിലും കാണും.

ശൈശവം മുതൽ വാർദ്ധക്യം വരെ ഓരോ കാലയളവിലും ത്വക്കിൽ വ്യതിയാനങ്ങൾ ഉണ്ടാകും. നമുക്ക് അസ്വീകാര്യമായ മാറ്റങ്ങൾ കൂടുതലായി കാണുന്നത് വാർദ്ധക്യത്തിലാണ്. നന്നായി ചർമ്മസംരക്ഷണം നടത്തുകയും പോഷകങ്ങളും പ്രോട്ടീനും കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്താൽ ഒരളവ് വരെ നമുക്ക് ഈ രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.