ravi

തിരുവനന്തപുരം: പശ്ചിമാഫ്രിക്കൻ രാജ്യമായ സെനഗലിൽ അറസ്റ്റിലായ അധോലോക നായകൻ രവിപൂജാരിയെ ചോദ്യംചെയ്യാനും, കഴിയുമെങ്കിൽ കേരളത്തിലേക്ക് കൊണ്ടുവരാനും ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്ക് പോവും. ഇതിനായി ഇന്റർപോളിന്റെ സഹായം തേടിയെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 'കേരളകൗമുദി'യോട് പറഞ്ഞു. അനുമതി ലഭിച്ചാലുടൻ പൊലീസ് സംഘത്തെ അയയ്ക്കും. ആഫ്രിക്കൻ രാജ്യങ്ങളിലെ നിയമപ്രകാരം കുറ്റപത്രം രജിസ്റ്റർ ചെയ്തശേഷമേ ചോദ്യംചെയ്യാനാവൂ.

ഗിനിയ, ഐവറികോസ്​റ്റ്, സെനഗൽ, ബുർക്കിന ഫാസോ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന പൂജാരി കഴിഞ്ഞ19ന് സെനഗൽ സായുധ പൊലീസിന്റെ ഓപ്പറേഷനിലാണ് പിടിയിലായത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ആന്റണി ഫെർണാണ്ടസ് എന്ന പേരിലായിരുന്നു ഒളിജീവിതം.


കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പിനു പുറമേ കാസർകോട്ടെ ചില വെടിവയ്പ് കേസുകളിലും പൂജാരിയെയാണ് സംശയിക്കുന്നത്. എന്നാൽ ഇയാൾക്കെതിരെ കേരളത്തിൽ കേസുകളില്ലെന്നാണ് സൂചന.

കാസർകോട്ട് ബേവിഞ്ചയിലെ മരാമത്ത് കരാറുകാരൻ മുഹമ്മദ്കുഞ്ഞി ഹാജിയുടെ വീടിനുനേർക്ക് രണ്ടുവട്ടം വെടിവയ്പ് നടത്തിയത് പൂജാരിയുടെ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ ആക്രമണത്തിന് സമാനമായിരുന്നു ഈ ആക്രമണവും. 2010 ജൂൺ 25 ന് രാത്രിയിലും 2013 ജൂലായ്18ന് പുലർച്ചെയുമാണ് വെടിവച്ചത്. ആദ്യവട്ടം ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വീടിനുനേരെ മൂന്നു റൗണ്ട് വെടിവച്ചശേഷം കടന്നുകളഞ്ഞു. കാറിലും വീടിന്റെ കൈവരിയിലുമാണ് വെടികൊണ്ടത്. 2013ൽ ബൈക്കിലെത്തിയ രണ്ടുപേർ വീട്ടിലേക്ക് നേരിട്ട് വെടിവച്ചു. ജനലുകളും ചുമരുകളും തകർന്നു. രവിപൂജാരിയുടെ സംഘമാണ് ആക്രമണം നടത്തുന്നതെന്ന് എഴുതിയ കുറിപ്പ് സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ലണ്ടനിലെ ഫോൺനമ്പരും അതിലുണ്ടായിരുന്നു. വെടിവയ്പുണ്ടായതിന് രണ്ടുമാസം മുൻപ് രവിപൂജാരി ഫോണിൽ വിളിച്ച് 5കോടിരൂപ ആവശ്യപ്പെട്ടിരുന്നു. കർണാടക മന്ത്രിയും മലയാളിയുമായ യു.ടി.ഖാദറിനെ പണം ആവശ്യപ്പെട്ട് പൂജാരി ഭീഷണിപ്പെടുത്തിയിരുന്നു. കർണാടകത്തിൽ എഴുപതോളം കേസുകളിൽ പ്രതിയായ രവി പൂജാരിക്കെതിരെ ബംഗളൂരു പൊലീസിന്റെ റെഡ് കോർണർ നോട്ടീസ് നിലവിലുണ്ട്.

സോളാർ വിഷയത്തിലും പൂജാരിയുടെ ഇടപെടൽ

സോളാർ ഇടപാടിൽ മുൻ മുഖ്യമന്ത്രിക്കെതിരായ കേസ് പിൻവലിച്ചില്ലെങ്കിൽ വധിക്കുമെന്ന് ദുബായിൽ നിന്ന് രവിപൂജാരി ഭീഷണിപ്പെടുത്തിയെന്ന് ബംഗളൂരുവിലെ ബിസിനസുകാരൻ എം.കെ.കുരുവിള വെളിപ്പെടുത്തിയിരുന്നു. 2016 ഒക്ടോബറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരെ പൂജാരിയുടെ പേരിൽ ഭീഷണിയുണ്ടായിട്ടുണ്ട്. 'ചന്ദ്രബോസ് വധക്കേസ്‌ പ്രതി മുഹമ്മദ് നിഷാമിനെക്കുറിച്ച് മോശമായി സംസാരിച്ചാൽ താങ്കളെയോ കുടുംബത്തിൽ ഒരാളെയോ വധിക്കു'മെന്നായിരുന്നു ചെന്നിത്തലയുടെ ഫോണിലേക്കു വന്ന സന്ദേശം. സന്ദേശമെത്തിയ ബ്രിട്ടനിലെ +447440190035 മൊബൈൽ നമ്പരിന്റെ വിലാസം ഇന്റർപോൾ മുഖേന ബ്രിട്ടീഷ് പൊലീസുമായി ബന്ധപ്പെട്ട് കണ്ടെത്താൻ ഹൈടെക് സെൽ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പിൽ ഇടനിലക്കാരെ ഉപയോഗിച്ചാണു വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം. സ്വന്തം ജില്ലയിൽ നിന്ന് പൊലീസുദ്യോഗസ്ഥരെ മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമുള്ളതിനാലാണ് എറണാകുളം സ്വദേശിയായ അന്വേഷണ ഉദ്യോഗസ്ഥൻ പി.എം.ഷംസിനെ മാറ്റിയതെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം.