സംസ്ഥാന ബഡ്ജറ്റ് പ്രസംഗത്തിൽ ഡോ. തോമസ് ഐസക്കും കേന്ദ്ര ബഡ്ജറ്റ് പ്രസംഗത്തിന് പിയൂഷ് ഗോയലും കവിതാശകലങ്ങൾ ഉരുവിട്ട കാര്യമല്ല മുകളിലെ തലക്കെട്ട് സൂചിപ്പിക്കുന്നത്. പ്രചാരണം പദ്യത്തിലും ഭരണം ഗദ്യത്തിലുമാകണം നിർവഹിക്കേണ്ടതെന്ന് പറയാറുണ്ട്. ഗദ്യം പൊതുവിൽ വിരസമാണെന്നും പദ്യം സുഖപ്രദമാണെന്നുമുള്ള സങ്കല്പമാണ് ഇൗ ചൊല്ലിന് ആധാരം. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അവതരിപ്പിച്ച ബഡ്ജറ്റുകളായതുകൊണ്ടുതന്നെ അവയിൽ പ്രചാരണപരവും അതുകൊണ്ടുതന്നെ സുഖദായകവുമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. പക്ഷേ, പദ്യത്തിന്റെ വഴിയേ അവയ്ക്ക് എത്രദൂരം സഞ്ചരിക്കാനാവുമെന്നത് ബഡ്ജറ്റു അവതരണസമയത്തെ മറ്റ് അടിയന്തര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഒരു മഹാപ്രളയത്തിന്റെ കെടുതികളുടെ നടുവിൽ അവതരിപ്പിക്കപ്പെട്ട സംസ്ഥാന ബഡ്ജറ്റിൽ മാർദ്ദവമില്ലാത്ത നിർദ്ദേശങ്ങൾ ഉൾപ്പെടുത്തേണ്ടതായി വരും. പദ്യത്തിന്റെ വഴിയേമാത്രമായി അതിന് പോകാനാവില്ല. എന്നാൽ, ഒരു ഇടക്കാല ബഡ്ജറ്റിന്റെ ശീതളച്ഛായയിൽ അവതരിപ്പിക്കപ്പെട്ടതും എന്നാൽ പ്രയോഗത്തിൽ ആ പരിധിക്കപ്പുറം കടക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ തരളമായ പ്രഖ്യാപനങ്ങളിലൂടെ ഏറെ ദൂരം സഞ്ചരിക്കാനുമാകുന്നു.
ഏതൊരു ബഡ്ജറ്റിലും ഒട്ടും ചേതോഹരമല്ലാത്ത ഒരു അദ്ധ്യായമാണ് അതിലെ നികുതി ചുമത്തലടങ്ങിയ ഭാഗം. സംസ്ഥാന ബഡ്ജറ്റിൽ ഇൗ ഖണ്ഡം കുടുതൽ അലോസരമാകുന്നത് പ്രകൃതി ദുരന്തത്തിന്റെ കെടുതികൾ മറികടക്കാനുള്ള സംഖ്യ സമാഹരിക്കാനുള്ള തത്രപ്പാട് തന്നെയാണ്. രണ്ടുവർഷം നീളുന്ന പരിഹാര ക്രിയകൾക്ക് ഇക്കൊല്ലം 15,000 കോടി രൂപയെങ്കിലും തരപ്പെടുത്തണമായിരുന്നു; മുന്നോട്ടുള്ള വികസന യാത്രയ്ക്ക് വീണ്ടും കാശ് വേറെ വേണം. നാല് നിരക്കുകളുള്ള ജി.എസ്.ടിയിലെ മൂന്ന് നിരക്കുകളിൽ ഉൾപ്പെടുന്ന ഉത്പന്നങ്ങൾക്കെല്ലാം ഒരു ശതമാനം സെസ് ചുമത്തി 1600 കോടി വസൂലാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വിലകളിന്മേൽ സമ്മർദ്ദമുണ്ടാക്കാനിടയുള്ള ഇൗ നിർദ്ദേശത്തിന്റെ കാഠിന്യം കുറയ്ക്കാനാവുമോ എന്നത് ആലോചിക്കാവുന്നതാണ്. 5 ശതമാനം നിരക്കുള്ള ഉത്പന്നങ്ങളെ സെസിൽ നിന്നും ഒഴിവാക്കിയ ധനമന്ത്രിക്ക് 12 ശതമാനം നിരക്കിലുള്ള ഉത്പന്നങ്ങളെകൂടി ഒഴിവാക്കുന്നതിന്റെ സാദ്ധ്യത ആരായാവുന്നതാണ്. അല്ലെങ്കിൽ, മൂന്ന് നിരക്കുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉത്പന്നങ്ങൾക്ക്, സ്വർണത്തിന്റെ കാര്യത്തിലെന്നപോലെ ഒരു ശതമാനത്തിൽ താഴെയുള്ള സെസ് ചുമത്തുന്നത് ആലോചിക്കാവുന്നതാണ്. വിനോദ നികുതിയിനത്തിൽ ജി.എസ്.ടി നിലനിൽക്കുന്നതിനോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ നികുതിയും കൂടി നിലനിൽക്കുന്നതിന്റെ നിയമവശം പരിശോധിക്കേണ്ടതുണ്ട്.
ജി.എസ്.ടിയിൽ നിന്നുണ്ടായ 13 ശതമാനം വരുമാനച്ചോർച്ച തിരിച്ചുപിടിക്കണമെന്ന കാര്യത്തിലും കടുത്ത വഴിയെ പോകാനാണ് ധനമന്ത്രിയുടെ തീരുമാനം. ഉപഭോഗം ഉയർന്നുതന്നെ നിന്നിട്ടും നികുതി വരുമാനം ഉയരാതിരുന്നത് വെട്ടിപ്പ് കാരണമാണെന്ന് കരുതുന്ന അദ്ദേഹം ജൂലായ് മാസം വ്യാപാരികൾ രേഖകൾ സമർപ്പിക്കുമ്പോൾ കർശന പരിശോധനയിലൂടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ സെസ് ഏർപ്പെടുത്തുന്നതിൽ സഹകരിക്കാൻ തയ്യാറായ വ്യാപാരി സമൂഹത്തെ പീഡിപ്പിക്കാത്ത തരത്തിലാകണം ഉദ്യോഗസ്ഥരുടെ പരിശോധനകളും മറ്റ് നടപടികളും; ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കൃത്യത ഉറപ്പിച്ചുവേണം വസൂലാക്കേണ്ട തുക തിരിച്ചുപിടിക്കേണ്ടത്.
സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വലിയ പദ്ധതികൾക്കുള്ള നിക്ഷേപത്തിന്റെ നല്ലൊരു ഭാഗം കണ്ടെത്തുന്നത്, സാങ്കേതികമായി ബഡ്ജറ്റിന് പുറത്തുള്ള സംവിധാനമായ കിഫ്ബിയിലൂടെയാണ്. മൂന്നുവർഷം മുൻപ് ആരംഭം കുറിച്ച കിഫ്ബിക്ക് ഇതിനകം ഫണ്ട് ശേഖരണത്തിലും, വിതരണത്തിലും മുന്നോട്ട് പോകാൻ കഴിഞ്ഞതിനാൽ ഇൗ ചട്ടക്കൂടിനെക്കുറിച്ച് ആദ്യമുണ്ടായിരുന്ന ആശങ്കകൾക്ക് കുറവ് വന്നിട്ടുണ്ട്. ജാഗ്രത വേണ്ടത്, ധനമന്ത്രി പറയുന്നതുപോലെ, വലിപ്പം കൂടിവരുന്ന ഫണ്ടിന്റെ തിരിച്ചടവ് ഉറപ്പാക്കുന്നതിലാണ്. സംസ്ഥാന ഖജനാവിന്റെ വരവും ചെലവും തമ്മിലുള്ള സന്തുലിതാവസ്ഥയിലേക്ക് നീങ്ങുകവഴിയേ ലക്ഷ്യം നേടാനാകൂ എന്ന അദ്ദേഹത്തിന്റെ നിലപാട് ശരിതന്നെ; പക്ഷേ ദൗത്യം ഏറെ ക്ളേശകരമാണെന്ന് മാത്രം. ബഡ്ജറ്റുകളിലെ സുഖചികിത്സാ ഏർപ്പാടുകളുടെ വ്യാപ്തി കുറയ്ക്കുന്നതിലൂടെ മാത്രമേ സമനില നേടാനാകൂ.
ഇനി, ബഡ്ജറ്റിലെ പദ്യങ്ങളുടെ വഴിയേയുള്ള സഞ്ചാരത്തെക്കുറിച്ച്. പ്രളയക്കെടുതികൾ തീർക്കാനുള്ള ജീവനോപാധി പാക്കേജ് ആ വഴിക്കുള്ളതാണ്. 4700 കോടി രൂപ ജീവനോപാധി വികസനത്തിന് നീക്കിവച്ചിരിക്കുന്നത് ആശാവഹമാകുന്നു. തൊഴിലുറപ്പ് പോലുള്ള പദ്ധതികൾ ഇന്ത്യയിൽത്തന്നെ നന്നായി നടക്കുന്ന പ്രദേശമാണ് കേരളം. ഉദ്യോഗസ്ഥർകൂടി മനസുവച്ചാൽ ജീവനോപാധി യജ്ഞത്തിന് ലക്ഷ്യം കാണാവുന്നതാണ്. സമ്പന്നർക്ക് കമ്പോളങ്ങളുണ്ട്; പാവങ്ങൾക്ക് ഉദ്യോഗസ്ഥരേയുള്ളൂ. എന്നാണ് പറയുന്നത്. ഒട്ടുമിക്ക ദുർബലവിഭാഗങ്ങളെയും തലോടുന്നതാണ് ബഡ്ജറ്റിലെ ക്ഷേമ പദ്ധതികൾ.
ബഡ്ജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം നവകേരള നിർമ്മാണ പദ്ധതികളാകുന്നു. സ്ഥായിയായ പുനഃസൃഷ്ടിക്കായി ബഡ്ജറ്റു കൃത്യമായി കോറിയിടുന്ന 25 പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരംഭങ്ങളിൽ ചിലത് പുത്തൻ പരിപാടികളല്ലെന്നത് ഒരു പോരായ്മയായി കാണുന്നവരുണ്ടാകാം. പക്ഷേ, പദ്ധതികൾ ശൂന്യതയിൽ നിന്ന് തുടങ്ങി ഫലവത്താക്കുന്നതിനെക്കാൾ പ്രായോഗികമായി മെച്ചപ്പെട്ട മാർഗം, ഇതിനകംതന്നെ ആരംഭംകുറിച്ചുകഴിഞ്ഞ പദ്ധതികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവ, അനുഭവങ്ങളുടെ വെളിച്ചത്തിൽ പുനരാവിഷ്കരിച്ചും ശക്തിപ്പെടുത്തിയും നടപ്പിലാക്കുന്നതാണ്. ഇതിനായി മുടക്കുന്ന ചെലവിനെ റവന്യൂ ചെലവായി കാണുന്നതിന് പകരം മൂലധനചെലവായിത്തന്നെ വീക്ഷിക്കാവുന്നതാണ്. കാരണം അവ സ്ഥിരമായ ആസ്തികൾ സൃഷ്ടിക്കാനുള്ള ചെലവുകളാകുന്നു. ആകർഷകമാണ് ഇൗ പദ്ധതികളെങ്കിലും ഇവയെല്ലാം സാക്ഷാത്കരിക്കുന്നതിന് കഠിന വഴിതന്നെ ശരണം.
കേന്ദ്ര ബഡ്ജറ്റ് സാങ്കേതികമായി ഇടക്കാല ബഡ്ജറ്റാണെങ്കിലും യഥാർത്ഥത്തിലത് ഇടക്കാല ബഡ്ജറ്റല്ലെന്നും, രാജ്യത്തിന്റെ ദീർഘകാല വികസനത്തിന്റെ രേഖയാണെന്നും പിയൂഷ് ഗോയൽ പ്രഖ്യാപിക്കുന്നുണ്ട്. ഇൗ നിലപാട് വഴി, വരും വർഷത്തേക്ക് മാത്രമല്ല, അത് കടന്ന് അടുത്ത പത്തുവർഷത്തേക്കുള്ള പത്ത് സ്വപ്ന പദ്ധതികളടക്കം ഇടക്കാല ബഡ്ജറ്റിലൂടെ മുന്നോട്ടുവയ്ക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ നേട്ടങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. അവയിൽ പലതും വലിയ കാര്യങ്ങൾ തന്നെയാണ്. ധനക്കമ്മി നിയന്ത്രിച്ച് ആഭ്യന്തര വരുമാനത്തിന്റെ 3.5 ശതമാനമെന്ന നിലയിലെത്തിച്ചു. വിദേശ വ്യാപാരക്കമ്മി 2.5 ശതമാനമാക്കി കുറച്ചു, വിലക്കയറ്റത്തിന് ബ്രേക്കിട്ട് 4.5 ശതമാനം നിരക്കിലെത്തിച്ചു, നികുതിദായകരുടെ എണ്ണം ഗണ്യമായി ഉയർത്തി എന്നിങ്ങനെ സുഖകരമായ നേട്ടങ്ങൾ നിരത്തിയ അദ്ദേഹം അലോസരമായ ന്യൂനതകളെക്കുറിച്ച് മൗനം പാലിക്കുന്നു. ശമനം വരാത്ത കർഷക ദുരിതം, ഉയരുന്ന തൊഴിൽ രാഹിത്യത്തിന്റെ തോത്, വിലക്കയറ്റ നിയന്ത്രണം കർഷകരുടെ ചെലവിൽ തുടങ്ങിയ അപ്രിയ സത്യങ്ങൾ പറയാതെ പോകുന്നു; ഇക്കാര്യത്തിൽ ഗദ്യത്തിന്റെ വഴി പൂർണമായും ഉപേക്ഷിക്കുന്നു.
അധിക നികുതി ചുമത്തലെന്ന അലോസര കർമ്മം പൂർണമായും കേന്ദ്ര ബഡ്ജറ്റിൽ ഒഴിവാക്കിയിരിക്കുന്നു. വരുമാന നികുതി ഇളവുകളുടെ കാര്യത്തിൽ ആരും ചെയ്തിട്ടില്ലാത്ത സൗജന്യങ്ങളാണ് ബഡ്ജറ്റിലുള്ളത്. തീർച്ചയായും മദ്ധ്യവർഗത്തിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥയിലാക്കിയിട്ടുണ്ട്. ഇതിനുവേണ്ടി നീതി ആയോഗിന്റെ ഉപദേശം ത്യജിക്കാൻപോലും അദ്ദേഹം തയ്യാറായി. പ്രത്യക്ഷ നികുതിവരുമാനം 2019-20 ൽ ആഭ്യന്തര ഉത്പാദനത്തിന്റെ 6.3 ശതമാനമാക്കണമെന്നാണ് നീതി ആയോഗ് നിർദ്ദേശിച്ചിരുന്നത്.
കാർഷിക ദുരിതം ശമിപ്പിക്കാനായി ഒാരോ കർഷക കുടുംബത്തിനും 6000 രൂപവീതം നേരിട്ട് എത്തിക്കുമെന്ന നിർദ്ദേശമാണ് ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ മാസപെൻഷൻ നൽകുമെന്നത് അവർക്ക് വലിയ ആശ്വാസമാകും; പക്ഷേ രേഖയിലില്ലാത്ത ഇവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ വേണ്ടിവരും. വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷേമ പദ്ധതികൾക്കും ബഡ്ജറ്റിൽ പഞ്ഞമില്ല.
തൊഴിൽ വളർച്ചയ്ക്കായി കേന്ദ്ര ബഡ്ജറ്റിൽ ഉൗന്നൽ നൽകുന്നത് സ്വയം തൊഴിലിനും അതുവഴി തൊഴിൽ ദാതാക്കളായി മാറ്റുന്ന തന്ത്രത്തിനാണ്. മുദ്ര, സ്റ്റാർട്ട് അപ്, കൗഷൽ വികാസ് യോജന എന്നീ പദ്ധതികൾ ശക്തിപ്പെടുത്താനായി കൂടുതൽ തുക നീക്കിവയ്ക്കുന്നുണ്ട്; മേക്ക്-ഇൻ-ഇന്ത്യ പദ്ധതിക്കും പ്രാധാന്യം നൽകുന്നു. എന്നാൽ ഇൗ പദ്ധതികൾക്ക് മുൻകാലങ്ങളിൽ ഗണ്യമായ തോതിൽ തൊഴിൽ വർദ്ധിപ്പിക്കാൻ കഴിയാതെവന്നത് ശ്രദ്ധിക്കേണ്ട വിഷയമാകുന്നു.
ഇങ്ങനെ ഇളവുകളും ആനുകൂല്യങ്ങളും ആശ്വാസപ്രവർത്തനങ്ങളും ഏറെ തോതിൽ അനുവദിക്കുന്ന കേന്ദ്ര ബഡ്ജറ്റ് അതിനായുള്ള കാശ് എങ്ങനെ സംഘടിക്കുമെന്ന കാര്യത്തിൽ അത്ര പ്രകടമായ തോതിൽ മുന്നോട്ട് വരുന്നില്ല. എന്നാൽ ധനക്കമ്മി വീണ്ടും കുറയ്ക്കുമെന്ന വാഗ്ദാനവും ബഡ്ജറ്റ് നൽകുന്നുണ്ട്.
ചുരുക്കത്തിൽ ഗദ്യ-പദ്യ സമ്മിശ്രമാണ് കേരള ബഡ്ജറ്റെങ്കിൽ കാവ്യനിബിഡമാണ് കേന്ദ്ര ബഡ്ജറ്റ്; ഇൗ അന്തരത്തിനുള്ള പ്രധാന കാരണം ബഡ്ജറ്റ് അവതരിപ്പിക്കുന്നതിലെ വ്യത്യസ്ത സാഹചര്യങ്ങളും.