മുടപുരം: ബഡ്ജറ്റിൽ ചിറയിൻകീഴ് മണ്ഡലത്തിന് 344.26 കോടിയുടെ വികസന പദ്ധതികൾ. തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ 280 കോടി രൂപയുടെ വികസനമാണ്. 230 കോടിയുടെ മെഡിക്കൽ പാർക്ക് നിർമ്മാണത്തിന് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കെ.എസ്.ഐ.ഡി.സിയും ചേർന്ന് മെഡിക്കൽ ഡിവൈസുകൾ ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. 2019-20 ൽ പാർക്ക് ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ഓഫീസ് അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ 25000 ചതുരശ്ര അടിയുള്ള ആദ്യ കെട്ടിടവും ഈ വർഷം പൂർത്തിയാക്കും. രണ്ടാമത്തെ കെട്ടിടത്തിനായി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മംഗലപുരം പാട്ടത്തിൽ ഗവൺമെന്റ് എൽ.പി സ്കൂളിനു മൂന്നുനില കെട്ടിടനിർമ്മാണത്തിന് ഒന്നരക്കോടി രൂപയും, പതിനാറാം മൈൽ- വേങ്ങോട് -മുട്ടുകോണം -സായിഗ്രാമം -മങ്കാട്ടുമൂല റോഡിന് ആറ് കോടിയും കിട്ടും. തോന്നയ്‌ക്കൽ -വെയിലൂർ റോഡ് പുനരുദ്ധാരണത്തിന് മൂന്നു കോടി രൂപയും,അഴൂർ -മുരുക്കുംപുഴ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ റോഡിനും പാലത്തിനുമായി അഞ്ച് കോടി രൂപയും, കഠിനംകുളം ചാന്നാങ്കര- കൊച്ചു കൊടുങ്ങല്ലൂർ റോഡ് പുനരുദ്ധാരണത്തിന് മൂന്നു കോടി രൂപയും, നെഹ്റു ജംഗ്ഷൻ മുതൽ ചാന്നാങ്കര വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് മൂന്നുകോടി രൂപയും വകയിരുത്തി. സെന്റ് ആൻഡ്രൂസ് പാലത്തിന് 5 കോടി രൂപയും, പുതുക്കുറിച്ചി കോൺവെന്റ് -കൊട്ടാരം തുരുത്ത് റോഡ് പുനരുദ്ധാരണത്തിന് ഒന്നര കോടിയും, അണക്കപ്പിള്ള പാലത്തിന് മൂന്നുകോടി രൂപയും
ആറാട്ടുവഴി പാലത്തിന് മൂന്നുകോടി രൂപയും, ചാന്നാങ്കര പാലത്തിന് മൂന്നുകോടി രൂപയും വകയിരുത്തുന്നു.
ചിറയിൻകീഴിൽ പ്രേംനസീർ സാംസ്കാരിക നിലയത്തിന് 5 കോടി രൂപയും, ചിറയിൻകീഴിൽ മിനി സിവിൽസ്റ്റേഷൻ നിർമാണത്തിന് ആറ് കോടിയും, വലിയകട ശാർക്കര റെയിൽവേ ക്രോസ് റോഡ് നിർമാണത്തിന് അഞ്ചുകോടിയും, കിഴുവിലം കക്കോട് ഭാഗത്ത് മാമം നദിയുടെ വലതു കരയിലുള്ള ബണ്ട് സംരക്ഷണ പണികൾക്ക് 11 ലക്ഷം രൂപയും, പുരവൂർ ഗവൺമെന്റ് യു.പി സ്കൂളിന് മൂന്നുനില കെട്ടിടനിർമാണത്തിന് ഒന്നര കോടി രൂപയും വകയിരുത്തി. കടയ്ക്കാവൂർ പഞ്ചായത്തിൽ മിനി സിവിൽസ്റ്റേഷൻ നിർമ്മാണത്തിന് മൂന്നുകോടി രൂപയും ഏലാപുറം ഏലയുടെ ജലസേചനസൗകര്യം വർദ്ധിപ്പിക്കാൻ 15 ലക്ഷം രൂപയും, ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡ് പുനരുദ്ധാരണത്തിന് മൂന്നു കോടിയും വാമനപുരം -കളമച്ചൽ റോഡ് പുതുക്കാൻ മൂന്നര കോടിയും വകകൊള്ളിച്ചു.