തിരുവനന്തപുരം:ടോമിൻ ജെ.തച്ചങ്കരിയെ എം. ഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതോടെ കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം താളം തെറ്റി. ഒരു ഭാഗത്ത് തൊഴിലാളി സംഘടനകൾ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ശ്രമം ആരംഭിച്ചു. മറുവശത്താകട്ടെ മാനേജ്മെന്റും ഉന്നത ഉദ്യോഗസ്ഥരും നിഷ്ക്രിയരാവുകയും ചെയ്തു.
ഡ്രൈവർ - കം - കണ്ടക്ടർ തസ്തിക സമ്പ്രദായം അട്ടിമറിച്ച് പ്രതാപം തെളിയിക്കാനാണ് തൊഴിലാളി സംഘടനകളുടെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ 5.35ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട പാലക്കാട് ബസിലെ ഡ്രൈവർ -കം- കണ്ടക്ടറായി ഡ്യൂട്ടിക്കെത്തിയ ജിനുവിനെ ജോലി ചെയ്യാൻ അനുവദിച്ചില്ല. പഴയ രീതിയിൽ സർവീസ് മതിയെന്ന സംഘടനാ ഭാരവാഹികളുടെ ആവശ്യം ഡിപ്പോ അധികൃതർ അനുവദിച്ചു കൊടുത്തു. ഈ സർവീസ് ഉൾപ്പെടെ ഏഴു സർവീസുകളിലെ ഡ്രൈവർ - കം - കണ്ടക്ടർ സമ്പ്രദായവും മാറ്റി.
ടോമിൻ ജെ.തച്ചങ്കരി എം.ഡിയായിക്കെ രണ്ടു ഘട്ടങ്ങളിലായാണ് ഡ്രൈവർ - കം - കണ്ടക്ടർ നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ എട്ടു മണിക്കൂറിലേറെ വരുന്ന സ്റ്റിയറിംഗ് ഡ്യൂട്ടികളിലാണ് പുതിയ രീതി കൊണ്ടു വന്നത്. കണ്ടക്ടർ ക്ഷാമം കാരണം ബസ് മുടങ്ങുന്നത് ഒഴിവാക്കാൻ സ്റ്റിയറിംഗ് ഡ്യൂട്ടി എട്ടു മണിക്കൂറില്ലെങ്കിലും ദീർഘദൂര സർവീസുകളിൽ ഡ്രൈവർ - കം - കണ്ടക്ടർ സമ്പ്രദായം രണ്ടാം ഘട്ടത്തിൽ നടപ്പാക്കി.
ദീർഘദൂരം വണ്ടി ഓടിക്കുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഡ്രൈവർ -കം -കണ്ടക്ടർ രീതി കൊണ്ടുവന്നത്.
മറുവാദം
ഒരു വശത്ത് എട്ടു മണിക്കൂറിൽ കുറവുള്ള ഡ്യൂട്ടികളാണ് പഴയ രീതിയിലാക്കിയതെന്നാണ് സംഘടനാ ഭാരവാഹികളും ഡിപ്പോ അധികൃതരും പറയുന്നത്. കണ്ടക്ടറുടെ കുറവുകൊണ്ട് മാത്രമല്ല, ഡ്രൈവറില്ലാത്തതിനാലും സർവീസുകൾ മുടങ്ങാറുണ്ട്. വെള്ളിയാഴ്ച രാത്രി 11.30നുള്ള തിരുവനന്തപുരം - കട്ടപ്പന സർവീസ് മുടങ്ങിയത് ഡ്രൈവർ ഇല്ലാത്തതിനാലായിരുന്നു.
ഡ്രൈവർ - കം -കണ്ടക്ടർ രീതി ഒഴിവാക്കിയ
തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ
രാവിലെ 5.35 പാലക്കാട്
രാത്രി 7.30 കോഴിക്കോട്
രാത്രി 8.45 നിലമ്പൂർ
രാത്രി 10.00 പാലക്കാട്
രാത്രി 10.20 കോഴിക്കോട് മിന്നൽ
രാത്രി 10.45 പാലക്കാട്
രാത്രി 11.45 കോഴിക്കോട് മിന്നൽ