enosulphan

 ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എൻഡോസൾഫാൻ ബാധിതരുടെ സങ്കടജാഥ

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരായ അമ്മമാർ ദയാബായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. വിദഗ്ദ്ധ സമിതി കണ്ടെത്തിയ എല്ലാവരെയും എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽപ്പെടുത്തണമെന്ന ആവശ്യം സർക്കാർ നിരാകരിച്ചതോടെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് രാവിലെ സങ്കടജാഥ നയിക്കാനുള്ള തീരുമാനത്തിലാണ് സമരസമിതി.

30 കുടുംബവുമായി ദയാബായി തുടങ്ങിയ സമരം നാലുനാൾ പിന്നിടും മുൻപേ മൂന്നു കുട്ടികൾ രോഗം മൂർച്ഛിച്ച് ശ്രീചിത്ര ആശുപത്രിയിലായി. വാഹനങ്ങളുടെ പുക ശ്വസിച്ച് അസ്വാസ്ഥ്യവുമായി കഴിയുകയാണ് മറ്റുള്ളവരെന്ന് സമരസമിതി നേതാവ് ജിജു കെ.വി പറഞ്ഞു.

11 പഞ്ചായത്തുകളിൽ മാത്രമേ എൻഡോസൾഫാൻ തളിച്ചുള്ളൂവെന്നും അവിടെ മാത്രമേ രോഗബാധിതരുണ്ടാകൂ എന്നുമുള്ള നിലപാട് മാറ്റണമെന്നും മടിക്കൈ പോലുള്ള പഞ്ചായത്തുകളിൽ രോഗബാധിതരുണ്ടെന്നത് വിസ്മരിക്കരുതെന്നും ഇവർ പറയുന്നു.

നീതിക്കായി തെരുവോരങ്ങളിൽ പട്ടിണി കിടക്കേണ്ടിവരുന്ന ഇവരുടെ ആവശ്യങ്ങൾ ന്യായമാണെന്ന ഓർമ്മപ്പെടുത്തലുമായി സാഹിത്യകാരന്മാരായ എം.മുകുന്ദൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ, സുനിൽ പി.ഇളയിടം, മധുപാൽ, എൻഡോസൾഫാൻ ദുരിതം ഏറെ ബാധിച്ച കാസർഗോട്ടെ 'എൻമകജെ" പഞ്ചായത്തിനെക്കുറിച്ച് നോവലെഴുതിയ അംബികാസുതൻ മങ്ങാട് തുടങ്ങിയവർ സമരപ്പന്തലിലെത്തിയിരുന്നു.


ആകാശത്ത് തളിച്ച കീടനാശിനി

പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ വിള നശിപ്പിക്കാനെത്തുന്ന തേയിലക്കൊതുകുകളെ അകറ്റാനായി ആകാശത്ത് തളിച്ച കീടനാശിനിയാണ് ഇവരുടെ ജീവിതത്തെ തീരാദുരിതത്തിലാഴ്ത്തിയത്. വിഷമഴപോലെ പെയ്തിറങ്ങി പുഴയിലൂടെയും കാറ്റിലൂടെയും മണ്ണിലൂടെയും പടർന്ന കീടനാശിനിയാണ് പിന്നീട് പല വൈകല്യങ്ങളോടും കൂടിയ കുട്ടികൾ പിറക്കാൻ കാരണമായതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു