punching

ആറ്റിങ്ങൽ: നഗരസഭ ഓഫീസിൽ ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനത്തിന്റെ ഒൗപചാരിക ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് മന്ത്രി എം.എം. മണി നിർവഹിക്കും. പൊതുജനസേവനത്തിനായി, ശാസ്ത്ര സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഫീസ് പ്രവർത്തനം കാര്യക്ഷമവും, ഗൗരവതരവും ആക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ എം. പ്രദീപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡിസംബർ 17ലെ കൗൺസിൽ തീരുമാനത്തെ തുടർന്നാണ് പഞ്ചിംഗ് സംവിധാനം പ്രാവർത്തികമാക്കിയത്. കേരളത്തിൽ ആദ്യമായാണ് ഒരു നഗരസഭാ കാര്യാലയത്തിൽ ബയോമെട്രിക് അറ്റൻഡൻസ് മാനേജ്‌മെന്റ് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്. ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിലെ 113 സ്ഥിരം ജീവനക്കാർ ഇതിൽ ഉൾപ്പെടും. ഓഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ജീവനക്കാർ ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ചിംഗ് സിസ്റ്റത്തിലൂടെ ഹാജർ രേഖപ്പെടുത്തണം. ഒരു മാസത്തിൽ 180 മിനിട്ട് ഗ്രേസ് ടൈം അനുവദനീയമാണ്. ഈ പരിധി അവസാനിച്ചു കഴിഞ്ഞാൽ 3 വൈകിയുള്ള വരവിനും അല്ലെങ്കിൽ 3 നേരത്തെയുള്ള പോക്കിനും ഓരോ ക്യാഷ്വൽ ലീവ് വീതം കുറയും. ഗ്രേസ് ടൈം, ലേറ്റ് പെർമിഷൻ എന്നിവ ഒരേ ദിവസം പ്രയോജനപ്പെടുത്താൻ സാധിക്കില്ല. ഗ്രേസ് ടൈം ഉൾപ്പെടെ പ്രവൃത്തി ദിവസങ്ങളിൽ ശരാശരി 7 മണിക്കൂർ വീതം (7 മണിക്കൂർ x ഒരു മാസത്തെ മൊത്തം പ്രവൃത്തി ദിവസം) ഹാജർ ഉണ്ടാകണം. ഫെബ്രുവരി 1 മുതലാണ് ഇത് പ്രകാരം ഹാജർ കണക്കാക്കി തുടങ്ങിയത്. പഞ്ചിംഗ് സിസ്റ്റത്തിനോടൊപ്പം പുസ്തകത്തിലും ഹാജർ രേഖപ്പെടുത്തണം. ഇതോടൊപ്പം നഗരസഭയിലെ എല്ലാ ജീവനക്കാരും ഓഫീസ് സമയങ്ങളിൽ കൃത്യമായി ഐഡന്റിറ്റി കാർ‌ഡ് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് നഗരസഭാ ഓഫീസും, പരിസരവും പൂർണമായും സി.സി.ടിവി കാമറ നിരീക്ഷണത്തിലാക്കിയിരുന്നു. വിവിധ മേഖലകളിൽ മികവ് പുലർത്തി സംസ്ഥാനത്തിന് തന്നെ മാതൃകയായ ആറ്റിങ്ങൽ നഗരസഭ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തിയതിലൂടെ പൊതുജനസേവന രംഗത്തും മാതൃക സൃഷ്ടിക്കുകയാണ്.