v

കടയ്‌ക്കാവൂർ: വക്കത്തെ മെഡിക്കൽ കോളേജിന്റെ റൂറൽ ഹെൽത്ത് സെന്റർ നാട്ടുകാർക്ക് ഗുണം ചെയ്യുന്നില്ലെന്ന ആരോപണം ശക്തമാകുന്നു. ഉച്ചവരെ മാത്രമേ പ്രധാന ഡോക്ടർമാരുടെ സേവനം ഇവിടെ ലഭിക്കുന്നുള്ളൂവെന്നതാണ് പ്രധാന പരാതി. ആറു ഡോക്ടർമാരുള്ള ആശുപത്രിയിൽ നാലു പേർ അവധിയിലാണ്. ഹെൽത്ത് സൂപ്പർവൈസർ അവധിയിൽ പോയിട്ട് നാല് മാസമായെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. എം.പി ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസ് പ്രവർത്തന രഹിതമാണ്. കഴിഞ്ഞ മാസം അവസാനം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ ഇൗ ആംബുലൻസ് മറ്റൊരു പി.എച്ച്.സിക്ക് കൈമാറാനുള്ള നീക്കം നടന്നെങ്കിലും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെർമാൻ എൻ. ബിഷ്‌ണുവിന്റെ നേതൃത്വത്തിൽ രവീന്ദ്രൻ, ലാലിജ, താജിനിസ, അംബിക തുടങ്ങിയ മെമ്പർമാർ ഈ നീക്കത്തെ എതിർക്കുകയായിരുന്നു. പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ തീർന്നിട്ട് മാസം രണ്ടായി. മരുന്ന് സൂക്ഷിക്കാനുള്ള സ്ഥല സൗകര്യം ഇല്ല, ഒരു ബ്ളോക്കിന്റെ അറ്റകുറ്റ പണികൾ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയായില്ല, എെ.പി വിഭാഗം പ്രവർത്തിക്കുന്നില്ല. ഒ.പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലെ വൈദ്യുതി വിതരണം തകരാറിലായതിനാൽ ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു തുടങ്ങിയ ആരോപണങ്ങളും ശക്തമാണ്. ആശുപത്രിയുടെ പോരായ്മകൾ പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്ന് രോഗികൾആവശ്യപ്പെടുന്നു.