bjp

തിരുവനന്തപുരം: നടൻ മോഹൻലാൽ തയ്യാറാണെങ്കിൽ കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലെയും പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കാൻ ഒരുക്കമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി. രമേശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ മോഹൻലാലാണ് നിലപാട് വ്യക്തമാക്കേണ്ടത്.

കേന്ദ്രസർക്കാരിനെപ്പറ്റി ഏറ്റവും കൂടുതൽ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ. മോദി സർക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറം എന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോയെന്ന് അറിയില്ല. ഇതുവരെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനമോ ചർച്ചയോ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബഡ്ജറ്റ് ജനങ്ങളിൽ അമിതഭാരം ചുമത്തിയപ്പോൾ കേന്ദ്ര ബഡ്ജറ്റ് പ്രത്യാശയുടെ വെളിച്ചം വീശി. അത്‌ നിരാശാജനകമെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാർ അനുവദിച്ച പദ്ധതികളുടെ തുകയും ചെലവഴിച്ച കണക്കുകളുമുൾപ്പെടെ ധവളപത്രമിറക്കാൻ ധൈര്യം കാണിക്കണം.

അഞ്ച് ലക്ഷം രൂപ വരെ ആദായനികുതി പരിധി ഉയർത്തിയതിന്റെ ഇളവ് ലഭിക്കുന്നതിൽ വലിയ വിഭാഗവും സംസ്ഥാനത്തുള്ളവരാണ്. സംസ്ഥാനത്ത്‌ ആയുഷ്‌മാൻ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി ബി.ജെ.പി പ്രക്ഷോഭസമരം നടത്തുമെന്നും രമേശ് പറഞ്ഞു.