പാറശാല: നെയ്യാർ ഇറിഗേഷൻ പദ്ധതി നടപ്പാക്കിയതിലൂടെ ഇധികൃതർ ലക്ഷ്യമാക്കിയത് നെയ്യാറ്റിൻകര താലൂക്കിലെ ജല ക്ഷാമം പരിഹരിച്ച് നാടിനെയും കർഷകരേയും രക്ഷിക്കുക എന്നതായിരുന്നു. എന്നാൽ വേനൽകാലമായാൽ കുടിവെള്ളം പോലുമില്ലാതെ വറ്റിവരളുകയാണ്. വെള്ളം കിട്ടാതായതോടെ പ്രദേശത്തെ കൃഷികളെല്ലാം വറ്റിവരണ്ടു. കൃഷിക്ക് ആവസ്യമായ വെള്ളം കിട്ടണമെങ്കിൽ നെയ്യാർ ഇടതുകര കനാലിലൂടെ വെള്ളം തുറന്നുവിടണമെന്നാണ് കർഷകർ പറയുന്നത്. എന്നിട്ടും കനാൽ തുറന്നുവിടാത്തത് പലപ്പോഴും പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. 1957ൽ നെയ്യാർ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട, താലൂക്കുകളിലെയും കുളത്തൂർ പഞ്ചായത്തിലെ വിരാലി ഭാഗവും ഉൾപ്പടെ 629 കിലോമീറ്റർ ദൂരം കനാൽ നിർമ്മിച്ച് വെള്ളമെത്തിക്കാനാണ് ലക്ഷ്യം വെച്ചത്. എന്നാൽ വിരാലി ഭാഗത്ത് കനാലിൽ ഇന്നുവരെ വെള്ളമെത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പദ്ധതിയിലെ പാളിച്ചകൾ ഇറിഗേഷന്റെ നടത്തിപ്പിനെ പൂർമമായും ബാധിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വേനൽക്കാലത്ത് ഡാം തുറക്കാതിരിക്കാൻ പല കാരണങ്ങൾ കണ്ടെത്തുന്ന അധികൃതർ മഴക്കാലത്ത് വെള്ളം ആറ്റിലേക്ക് തുറന്ന് വിടുന്നത് നെയ്യാറ്റിൻകര താലുക്കിൽ പ്രളയം സൃഷ്ടിക്കാൻ കാരണമാകുന്നതായും നാട്ടുകാർ പറയുന്നു.
പദ്ധതികളുടെ നടത്തിപ്പ് പാളിച്ചകൾ കാരണം കർഷകർക്ക് ആവശ്യത്തിന് വെള്ളം കിട്ടാറില്ല. മഴക്കാലമാകുബോൾ ജലം ഒരുമിച്ച് നെയ്യാറിലേക്ക് തുറന്നുവിടുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ മഴക്കാലത്തിന് ശേഷം കനാൽ തുറന്നിട്ടില്ല. ആവശ്യത്തിന് വെള്ളം കിട്ടാതായതോടെ നെയ്യാറ്റിൻകര താലൂക്കിലെ ആയിരക്കണക്കിന് ഹെക്ടർ കൃഷികൾ നശിച്ചു. പല കൃഷികളും കരിഞ്ഞുണങ്ങി. പാറശാല, കാരോട്, ചെങ്കൽ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളിൽ മിക്ക കുളങ്ങളും വറ്റി വരണ്ടു.
കനാലിൽ വെള്ളമെത്താതായതോടെ കുളങ്ങളും കിണറുകളും നീരുറവകളും വറ്റിവരണ്ട് പ്രദേശം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. പ്രദേശത്തെ നെല്ല്, വാവ, പച്ചക്കറികൾ എന്നിവ കരിഞ്ഞുതുടങ്ങി. കൃഷിക്ക് ഉപയോഗിക്കാനാണ് നെയ്യാർ ഇറിഗേഷൻ പദ്ധതി ആരംഭിച്ചത്. എന്നാൽ ഇപ്പോൾ കൃഷിക്കുപകരിക്കാത്ത പദ്ധതിയായാമ് കർഷകർ കാണുന്നത്.
തിരുവനന്തപുരം നഗരത്തിന് വേണ്ടിയുള്ള കുടിവെള്ളം നൽകുന്നതിനുള്ള സ്ഥിരം സംവിധാനമൊരുക്കാനാണ് വെള്ളം തുറന്നുവിടാത്തതെന്നാണ് അധികൃതരുടെ പക്ഷം. എന്നാൽ ഡാമിൽ ഇത്രയും കാലം അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണലും കോരി മാറ്റിയൽ തന്നെ ഡാമിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കാൻ കഴിയും.