വിഴിഞ്ഞം: ആഴിമല ശിവക്ഷേത്രത്തിൽ ഭക്തർക്കിടയിൽ താരമായി ഉക്രയിൻ വനിത. പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ ഉത്സവത്തിനാണ് കഴിഞ്ഞ രണ്ടു വർഷമായി നദേസ്താ ഗോൾ ബെയ്കോ എന്ന ഈ വിദേശ വനിത സദ്യ വിളമ്പാൻ എത്തുന്നത്. വിളമ്പൽ മാത്രല്ല പാചകപുരയിൽ കയറി തന്നാലാവുന്നത് സഹായിക്കുകയും ചെയ്യും. പപ്പടം കാച്ചലാണ് ഏറെ സന്തോഷം. പിന്നെ കാച്ചിയ പപ്പടവുമായി സദ്യയ്ക്കായി ഒരുക്കിയ പന്തലിലേക്ക് ഓടും പപ്പടം വിളമ്പി തീർന്നാൽ പിന്നെ കുടിവെള്ള പാത്രമെടുക്കും. ചോറും കറികളും വിളമ്പുന്നത് ശീലമില്ലാത്തതിനാൽ മറ്റുള്ളവർ വിളമ്പുന്നത് നോക്കി നിൽക്കും. വിനോദ സഞ്ചാരത്തിനിടെ കഴിഞ്ഞ വർഷം ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഇവിടത്തെ ഉത്സവ കാഴ്ചകളും സദ്യയും വിദേശിയെ ആകർഷിച്ചത്. കഴിഞ്ഞ ഉത്സവത്തിന് മുഴുവൻ ദിവസവും ക്ഷേത്രത്തിലെ സമൂഹസദ്യയിൽ പങ്കെടുത്ത വനിത ഇത്തവണയും ഉത്സവസമയം അന്വേഷിച്ച് എത്തുകയായിരുന്നു. ഇപ്പോൾ വിദേശ ഭക്ഷണത്തെക്കാൾ ഇവർക്ക് ഏറെ പ്രിയം സദ്യയാണ്. സദ്യ കഴിക്കാനെത്തിയവർക്ക് വിളമ്പി കൊടുക്കുന്ന വിദേശ വനിതയെ കൗതുകത്തോടെയാണ് നാട്ടുകാർ കാണുന്നത്. എല്ലാവർക്കും വിളമ്പിയതിന്റെയും നല്ലൊരു സദ്യയുടെയും നിറവോടെ ചെറുപുഞ്ചിരിയുമായി ക്ഷേത്ര പരിസരത്ത് ഇവർ ഉണ്ടാകും മറ്റ് കലാപരിപാടികൾ കാണാൻ.