കിളിമാനൂർ: ചരിത്ര സ്മൃതികളും കടങ്കഥകളും നിറഞ്ഞ തമ്പുരാട്ടിപ്പാറയിലേക്ക് സ്വദേശ - വിദേശ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിട്ടും അവിടത്തെ ടൂറിസം വികസനം സ്വപ്നങ്ങളിൽ ഒതുങ്ങുന്നതായി ആക്ഷേപം. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ചാരുപാറയ്ക്ക് സമീപം തല ഉയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കുണ്ട്. മുകൾപരപ്പിൽ ഒരു ഫുട്ബാൾ ഗ്രൗണ്ടിനോളം വലിപ്പമുള്ള വിശാലമായ ഇടവും പാറയുടെ ഒരു വശത്തായി ഗുഹയും ഉണ്ട്. മറുവശത്തായി റബർമരങ്ങളും കാട്ടുമരങ്ങളുമായി വന്യഭംഗിയുമായാണ് പാറയുടെ നില്പ്. പ്രകൃതിരമണീയമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന തമ്പുരാട്ടിപ്പാറയുടെ താഴ്വരയിലൂടെ ഒഴുകുന്ന ചിറ്റാറും സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രവും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തമ്പുരാട്ടിപ്പാറയും, പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലു കാണി പാറയെയും ബന്ധിപ്പിച്ച് കൊണ്ട് റോപ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാധ്യതകളെ കുറിച്ച് മുൻപ് പഠനം നടത്തുകയും അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ഇക്കാര്യത്തിൽ താത്പര്യം കാട്ടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനായുള്ള പരിശ്രമങ്ങൾ പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. ഇതേ സമയം കടലു കാണി പാറയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ലക്ഷകണക്കിന് രൂപ വിനിയോഗിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി. റോപ് വേ സംവിധാനം ഉൾപ്പെടെയുള്ളവ നടപ്പിലാക്കി തമ്പുരാട്ടി പാറയെയും ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
രാജഭരണ കാലത്ത്, പ്രണയത്തിൽ ആയിരുന്ന രാജകുമാരിയും കുതിരക്കാരനായ യുവാവും കുതിര ലയത്തിൽ സന്ധിക്കുക പതിവായിരുന്നു. ഇത് കണ്ടെത്തിയ സേവകന്മാർ ഇക്കാര്യം രാജാവിന്റെ ശ്രദ്ധയിൽപെടുത്തി. രാജകുമാരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചങ്കിലും ഫലമുണ്ടായില്ലത്രെ. തുടർന്ന് രാജകിങ്കരന്മാരെ ഉപയോഗിച്ച് കുതിരക്കാരനെ വകവരുത്താൻ രാജാവ് തീരുമാനിച്ചു. രാജകുമാരിയും തോഴിമാരും ഉൾപ്പെടെയുള്ള സംഘം നീരാട്ടിനായി ചിറ്റാറിൽ എത്തിയപ്പോൾ സുരക്ഷ ഒരുക്കാനായി വന്ന കുതിരക്കാരനെ കിങ്കരന്മാർ വധിച്ചു. ഇതറിഞ്ഞ രാജകുമാരി ഉഗ്രതപസിൽ ഏർപ്പെടുകയും ശിലയായി വിലയം പ്രാപിക്കുകയുമായിരുന്നു. ഇതാണ് തമ്പുരാട്ടിപ്പാറയായി മാറിയതെന്ന് പഴങ്കഥകളിൽ പറയപ്പെടുന്നു.