നെടുമങ്ങാട് : അർബുദ രോഗികൾക്ക് ഇനി മുതൽ കീമോ തെറാപ്പി ചെയ്യാൻ റീജിയണൽ കാൻസർ സെന്റർ തേടി അലയേണ്ട. മലയോര പ്രദേശങ്ങളിലെ രോഗികൾക്ക് ആശ്വാസമായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ കെയർ യൂണിറ്റ് ആംരംഭിക്കുകയാണ്. രോഗം സ്ഥിരീകരിച്ച് ആർ.സി.സിയിലോ, മെഡിക്കൽ കോളേജിലോ ചികിത്സ തുടങ്ങിയവരുടെ തുടർ കീമോ തെറാപ്പി ചികിത്സയും ഗർഭാശയ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റും ജില്ലാ ആശുപത്രിയിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി അനുസരിച്ച് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ സഹായത്തോടെയാണ് ''ഡേ കെയർ കീമോ തെറാപ്പി യൂണിറ്റ്'' ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്നത്. നിലവിൽ കാൻസർ ചികിത്സ നഗര കേന്ദ്രീകൃത ആശുപത്രികളിൽ മാത്രമാണുള്ളത്. നെടുമങ്ങാട് താലൂക്കിൽ ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പെരിങ്ങമ്മല, വിതുര, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തുകളിലും നെടുമങ്ങാട് നഗരസഭ പരിധിയിലും അർബുദ ബാധിതരുടെ എണ്ണം പെരുകുന്നതായി പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. രോഗം സ്ഥിരീകരിക്കപ്പെടുന്നവർ റീജിയണൽ കാൻസർ സെന്ററിൽ യഥാസമയം എത്തിച്ചേരാൻ കഴിയാതെ ദുരിതത്തിലാണിപ്പോൾ. ജില്ലാ ആശുപത്രിയിൽ കീമോ തെറാപ്പി ചികിത്സ നിലവിൽ വരുന്നതോടെ നിർദ്ധന വിഭാഗങ്ങളിലെ രോഗികൾക്ക് വലിയ ആശ്വാസമാവും. ഗർഭാശയ കാൻസർ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഡേ കെയർ കീമോ തെറാപ്പി യൂണിറ്റിന്റെ അനുബന്ധമായാവും പ്രവർത്തിക്കുകയെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജെ. അജൻ അറിയിച്ചു. കൂടാതെ, സെക്കഡറി പാലിയേറ്റിവ് യൂണിറ്റിനോടനുബന്ധിച്ചുള്ള പെയിൻ ക്ലിനിക്, ലിംഫ് എഡിമ ക്ലിനിക്, ഓസ്‌റ്റോമി ക്ലിനിക് എന്നിവയും ഇവിടെ പ്രവർത്തന സജ്ജമായിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടിന് നെടുമങ്ങാട് നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശൈലജ ബീഗം, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ വി. രഞ്ജിത്, എസ്.കെ. പ്രീജ, നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖാ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനാട് ജയൻ, മായാദേവി, വിജു മോഹൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി. പ്രീത, എൻ.സി.സി ആൻഡ് കാൻസർ സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ കെ. ഗോപാൽ, ഡോ. സുകേഷ് രാജ്, ഡോ. പി.വി. അരുൺകുമാർ, ഡോ. എൻ. സുനിത തുടങ്ങിയവർ പങ്കെടുക്കും.