edava

വർക്കല: സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 14 ജില്ലകളിലെ സ്റ്റേഡിയങ്ങളിൽ ജില്ലയിൽ അനുമതി ലഭിച്ചത് ഇടവയിലാണ്. 15 വർഷം മുമ്പ് ഇടവയിൽ അന്താരാഷ്ട്ര സ്റ്റേഡിയമെന്ന ലക്ഷ്യത്തോടെ ഒരു ജനകീയ സമിതി രൂപീകരിക്കുകയും ആറ് ഏക്കർ വസ്‌തു വാങ്ങി ഇടവ ഗ്രാമപഞ്ചായത്തിന് കൈമാറുകയും 2004ൽ സ്‌പോർട്സ് കൗൺസിലിന് സ്റ്റേഡിയം നിർമ്മാണത്തിനായി കൈമാറുകയും ചെയ്‌തു. പിന്നീട് വന്ന സർക്കാരുകൾക്ക് ഇടവക്കാരുടെ സ്റ്റേഡിയം യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ല. ഇതേക്കുറിച്ച് ഗ്രാമപഞ്ചായത്തും ജനകീയ സമിതിയും കായികപ്രേമികളും വി. ജോയി എം.എൽ.എയ്‌ക്ക് നിവേദനങ്ങളും നൽകി. 34 കോടി രൂപയാണ് സ്റ്റേഡിയത്തിനായി അനുവദിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലാണ് സ്റ്റേഡിയം നിർമ്മാണം. നിർമ്മാണോദ്ഘാടനം 5ന് വൈകിട്ട് 4ന് മന്ത്റി ഇ.പി. ജയരാജൻ നിർവഹിക്കും. ഫുട്ബാൾ കോർട്ട്, ഹാന്റ്ബാൾ, വോളിബാൾ, ഷട്ടിൽ, ബാസ്‌ക്കറ്റ്ബാൾ എന്നിവയുടെ പരിശീലനത്തിനും സൗകര്യമൊരുക്കും. നീന്തൽ പരിശീലനത്തിനായി അത്യാധുനിക സൗകര്യമുള്ള നീന്തൽക്കുളവും ഇവിടെ നിർമ്മിക്കും. രണ്ട് നിലകളിലുള്ള സ്റ്റേഡിയത്തിൽ ആയിരം പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കും. ഓഫീസ്, ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ്, ഡോർമറ്ററി സംവിധാനം, ഹോസ്റ്റൽ എന്നിവയും ഒരുക്കും. സർക്കാരിന്റെ ആയിരം ദിവസ പരിപാടിയുടെ ഭാഗമായാണ് ഇതിന്റെ തറക്കല്ലിടൽ നടക്കുന്നത്. ഒരു വർഷത്തിനുളളിൽ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. ഗ്രാമപഞ്ചായത്ത്, സ്‌പോർട്സ് കൗൺസിൽ, കായികവിദഗ്ദ്ധർ എന്നിവരെ ഉൾപ്പെടുത്തി പരിശീലന കേന്ദ്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യും. കിറ്റ്കോയ്‌ക്കാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണച്ചുമതല.