photo

പാലോട്: അറുപതംഗ തൊഴിലുറപ്പു സംഘം മത്സരാവേശം പകർന്ന 'കിളയലുത്സവം' ശ്രദ്ധേയമായി. നന്ദിയോട് പഞ്ചായത്തിലെ പച്ചയിലാണ് വീട്ടമ്മമാർ കിളയലിൽ മികവ് തെളിയിച്ചത്. 'തെങ്ങിന് തടം തുറക്കൽ' ജോലിയിൽ പരമ്പരാഗത തൊഴിലാളികളെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. രണ്ട് മീറ്റർ നീളത്തിലും അര അടി താഴ്ചയിലും മണ്ണ് ജലസംരക്ഷണം ഉറപ്പാക്കി തുറന്ന തടങ്ങളിൽ കൃഷി ഭവനിൽ നിന്നു നല്കിയ കുമ്മായവും വിതറി. പാരമ്പര്യ കർഷകനായ പൗവ്വത്തൂർ സുദർശനൻ നായരുടെ നേതൃത്വത്തിൽ ഓരോ തടവും വാരങ്ങളും പരിശോധിച്ച് മികച്ച തടം മത്സര സ്വഭാവത്തിൽ ഒരുക്കിയ വീട്ടമ്മമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വർഷങ്ങളായി തരിശു കിടന്ന ഒരേക്കർ പുരയിടത്തിലാണ് തെങ്ങുകൾക്ക് തടം ഒരുക്കിയത്. വാർഡുണർവ് എന്ന പദ്ധതി അനുസരിച്ചായിരുന്നു തെങ്ങിന് തടമൊരുക്കിയത്. കിളയൽ വിജയികൾക്ക് പാലോട് മേളയിൽ 13ന് നടക്കുന്ന രണ്ടാമത് മലയോര കർഷക കൃഷിശാസ്ത്ര കോൺഗ്രസിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വാർഡ് മെമ്പർ കെ. സതീശനും കൃഷി ഓഫീസർ എസ്. ജയകുമാറും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, ജി.ആർ. പ്രസാദ്, പുഷ്പൻ, ദീപാ ജോസ്, മഹേന്ദ്രൻ, ഹണികുമാർ, ബി.എസ്. രമേശൻ, എം.ജി. മധുസൂദനൻ നായർ, എം.എസ്. ചന്ദ്രൻ, ജി. ചന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.