mama
ss

തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന 'മാമാങ്കം" സിനിമയുടെ തിരക്കഥ തന്റെ അറിവോ സമ്മതമോ ഇല്ലാതെ നിർമ്മാതാവ് വേണു കുന്നപ്പള്ളി അഴിച്ചുപണിഞ്ഞെന്ന് സംവിധായകൻ സജീവ് പിള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വേണുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തിരക്കഥാകൃത്ത് കൂടിയായ അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

18 വർഷമായി സിനിമാ രംഗത്തണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ മുഖ്യസംവിധാന സഹായിയായിയിരുന്ന തനിക്ക് സംവിധാനം അറിയില്ലെന്ന പ്രചാരണമാണ് വേണു നടത്തുന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂൾ മുതലാണ് തർക്കമുണ്ടായത്. 'മാമാങ്കം" തന്റെ എക്കാലത്തേയും മികച്ച ചിത്രമായിരിക്കുമെന്ന് മമ്മൂട്ടി പോലും പറഞ്ഞു. നിർമ്മാതാവ് ചതുപ്പ് നികത്തി സെറ്റിട്ടതാണ് ചെലവ് കൂടാൻ കാരണം. ഇത് താൻ എതിർത്തത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തർക്കത്തിലേക്ക് നയിച്ചത്. മൂന്ന് ലക്ഷം രൂപയ്ക്കാണ് സ്‌ക്രിപ്‌റ്റുമായി ബന്ധപ്പെട് അവകാശങ്ങൾ നിർമാതാവ് സ്വന്തമാക്കിയത്. സംവിധാനം ചെയ്യുന്നതിന് 20 ലക്ഷം രൂപയും സിനിമ പൂർത്തിയായ ശേഷം ലാഭവിഹിതം പങ്കിടാമെന്നുമുള്ള ഉറപ്പിലായിരുന്നു ഇത്. പടം മുടങ്ങിയാൽ ചെലവും 24 ശതമാനം പലിശയും താൻ നൽകണമെന്നത് ഉൾപ്പെടെയുള്ള വിചിത്രമായ കരാറിലാണ് നിർമ്മാതാവ് ഒപ്പിടീച്ചത്. തന്റെ കരിയർ തകർക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും സജീവ് ആരോപിച്ചു.

ഫെഫ്‌ക കൈയൊഴിഞ്ഞു

സംവിധായകനെ മാറ്റുകയെന്നത് മലയാളത്തിൽ കേട്ടുകേഴ്‌വി ഇല്ലാത്തതാണ്. സംവിധായകർക്കൊപ്പം നിൽകേണ്ട ഫെഫ്‌കയും നിർമ്മാതാവിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു. തന്നെ പുറത്താക്കുന്ന സാഹചര്യം ഉണ്ടാക്കിയത് ഫെഫ്കയാണ്. നിയമപരമായി നീങ്ങിയതിനാൽ തനിക്കൊപ്പം നിൽക്കില്ലെന്നാണ് ഫെഫ്കയുടെ നിലപാടെന്നും സജീവ് പറഞ്ഞു.