ചിറയിൻകീഴ്: ലൈറ്റുപയോഗിച്ച് മത്സ്യബന്ധനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ഇന്നലെ രാവിലെ 7.30ന് ആരംഭിച്ച റോഡ് ഉപരോധം വൈകുന്നേരം 3.30വരെ നീണ്ടത് ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിക്കുന്നതിന് കാരണമായി.തുടർന്ന് വൈകുന്നേരത്തോടെ സമരക്കാർ തഹസീൽദാർ, വില്ലേജ് ഓഫീസർ, പൊലീസ് ഉദ്യോഗസ്ഥർ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംഭവവുമായി ബന്ധപ്പെട്ട് കളക്ടർക്ക് മത്സ്യത്തൊഴിലാളികൾ അപ്പീൽ നൽകുവാൻ ധാരണയായി. തുടർന്ന് ഉപരോധ സമരം അവസാനിച്ചു.