തിരുവനന്തപുരം: 2019 -20 വർഷത്തിൽ നഗരസഭയ്ക്കായി ഒരുങ്ങുന്നത് പങ്കാളിത്ത ബഡ്‌ജറ്റ്. കഴിഞ്ഞ മൂന്ന് ബഡ്ജറ്റുകളുടെ ഭാഗമായി നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന ഒട്ടേറെ പദ്ധതികൾ ഏറ്റെടുക്കുന്നതിനും പൂർത്തീകരിക്കുന്നതിനും കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നാലാം ബഡ്‌ജറ്റിന് പുതിയ രീതി അവലംബിക്കുന്നതെന്ന് മേയർ വി.കെ. പ്രശാന്തും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയും ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് ബഡ്‌ജറ്റ് തയ്യാറാക്കുന്നത്. ഇന്ന് മുതൽ ഒരാഴ്ച ജനങ്ങൾക്ക് ബഡ്‌ജറ്റിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാം. ജനാഭിപ്രായം ശേഖരിക്കുന്നതിന് വാർഡുതല യോഗങ്ങൾ കൂടാതെ സ്‌മാർട്ട് ട്രിവാൻഡ്രം എന്ന മൊബൈൽ ആപ്പ്, കോർപറേഷന്റെ എല്ലാ ഓഫീസുകളിലും അഭിപ്രായപ്പെട്ടികൾ, പങ്കാളിത്ത ബഡ്‌ജറ്റ് വണ്ടി, ഇ - മെയിൽ (tvmmayor@gmail.com) എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഈ രീതി ഉപയോഗിക്കുന്നത്. ജനങ്ങൾ കോർപറേഷനുമായി നിർദ്ദേശങ്ങൾ പങ്കുവയ്ക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ശംഖുംമുഖത്ത് ബോർഡി പ്രദർശനം
ശംഖുംമുഖം ആർട്ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31 വരെ നീളുന്ന 'ബോർഡി ' എന്ന ദേശീയ കലാപ്രദർശനം ഇന്ന് വൈകിട്ട് 5.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 56 കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിക്കും. ചിത്രകാരൻ എം.എൽ. ജോണി ക്യൂറേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ ചിത്രങ്ങൾ, ശില്പങ്ങൾ, കലാവിന്യാസങ്ങൾ എന്നിവയുണ്ടാകും. പ്രദർശനത്തിന്റെ ഭാഗമായി സെമിനാർ, ആർട്ട കളക്ടേഴ്‌സ് സംഗമം, ചലചിത്ര പ്രദർശനം, സംവാദം, പ്രഭാഷണങ്ങൾ എന്നിവയുമുണ്ടാകും. ഇതോടനുബന്ധിച്ച് 22 മുതൽ 27 വരെ ശംഖുംമുഖം ബീച്ച് ഫെസ്റ്റും സംഘടിപ്പിക്കും. മുതിർന്നവർക്ക് 30 രൂപയും കുട്ടകൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. വാർത്താസമ്മേളനത്തിൽ ചിത്രകാരൻ എൻ.എം. ജോണിയും പങ്കെടുത്തു.
മാലിന്യം തള്ളിയാൽ പിടിവീഴും
നഗരത്തിൽ നിന്ന് മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനും പന്നി ഫാമുകളിലും കൃഷിക്കായും മറ്റും കൊണ്ടുപോകാൻ താത്പര്യമുള്ള ഏജൻസികൾ ഇനിമുതൽ കോർപറേഷനിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാർ പറഞ്ഞു. ഇതിനുള്ള ഫോം നഗരസഭാ മെയിൻ ഓഫീസിൽ പ്രവർത്തിക്കുന്ന പ്രോജക്ട് സെക്രട്ടേറിയറ്റിൽ ലഭിക്കും. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പായി പൂരിപ്പിച്ച അപേക്ഷ കോർപ്പറേഷനിലെത്തിക്കണം. വിദഗ്ദ്ധസംഘം പരിശോധന നടത്തി ഓരോ ഏജൻസിക്കും ശേഷിക്കനുസരിച്ച് മാലിന്യം ശേഖരിക്കുന്നതിനുള്ള ലൈസൻസ് നൽകും. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ജി.പി.എസ് സംവിധാനം ഉണ്ടാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.