തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോഴേക്കും ഇടതുമുന്നണിയിൽ സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണയവും പൂർത്തിയായിരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മുന്നണിയിലെ ഏത് കക്ഷിക്കും അവകാശവാദങ്ങളുന്നയിക്കാം. അതെല്ലാം ചർച്ചചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റിന് തങ്ങളെ പരിഗണിക്കേണ്ടെന്ന് എൽ.ഡി.എഫ് യോഗത്തിൽ ആർ. ബാലകൃഷ്ണപിള്ള പറഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥി ചർച്ച പാർട്ടി തുടങ്ങിയിട്ടില്ല. സ്ത്രീകൾക്ക് എപ്പോഴും പരിഗണന നൽകുന്ന മുന്നണിയാണ് എൽ.ഡി.എഫ്. നിയമസഭയിലെ 13 വനിതാ അംഗങ്ങളും ഒരു വനിതാ എം.പിയും ഇടതിന്റേതാണ്. ഇക്കാര്യത്തിൽ എപ്പോഴും സ്ത്രീവിരുദ്ധമാണ് യു.ഡി.എഫ് സമീപനം. എത്ര ടേം മത്സരിച്ചവർക്ക് ഇളവാകാം, സെക്രട്ടേറിയറ്റംഗങ്ങൾ മത്സരിക്കണോ തുടങ്ങിയ വിഷയങ്ങൾ സ്ഥാനാർത്ഥിനിർണയ വേളയിൽ പരിഗണിക്കേണ്ട കാര്യമാണ്. മാർച്ച് ആദ്യം ചേരുന്ന കേന്ദ്രകമ്മിറ്റിയിൽ വ്യക്തത വരും. 20 സീറ്റുകളിലും ബി.ജെ.പിയെ തോല്പിക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുള്ളതിനാൽ ഇതിനായി മറ്റാരെങ്കിലുമായി ധാരണയുണ്ടാക്കേണ്ട ആവശ്യമില്ല.
ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുക, കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ലോക്‌സഭയിൽ ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയാകും വോട്ടർമാർക്കിടയിൽ പ്രചാരണം നടത്തുക.
എൽ.ഡി.എഫിന്റെ മേഖലാജാഥകളുടെ സമാപനത്തോടനുബന്ധിച്ച് മാർച്ച് 2ന് തൃശൂരിൽ നടക്കുന്ന റാലിയോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും. സർവേ റിപ്പോർട്ടുകളിൽ അടിസ്ഥാനമില്ല. ഇടതുമുന്നണി 18 സീറ്റുകൾ നേടിയ 2004ൽ തിരഞ്ഞെടുപ്പിന് മുമ്പുണ്ടായ സർവേഫലങ്ങൾ പ്രവചിച്ചത് ആറ് സീറ്റ് മാത്രമായിരുന്നു.
പി.ജെ. ജോസഫ്. യു.ഡി.എഫ് നയത്തിനെതിരെ നിലപാട് പരസ്യമാക്കി രംഗത്തുവന്നാൽ പരിഗണിക്കുന്ന കാര്യം നോക്കാം. ശബരിമലവിധിക്ക് ശേഷമുണ്ടായ സാഹചര്യങ്ങൾ പരിശോധിച്ചാൽ മുമ്പ് ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുക്കാത്ത പലരും ഇപ്പോൾ നിലപാട് മാറ്റിയതായി കാണാനാകുമെന്നും കോടിയേരി പറഞ്ഞു.