തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആദായനികുതിയിളവ് തിരഞ്ഞെടുപ്പിൽ മദ്ധ്യവർഗത്തെ സ്വാധീനിക്കാനിടയുള്ള സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു. കേരളത്തിലെ സർക്കാരുദ്യോഗസ്ഥരിൽ ഭൂരിഭാഗവും കേന്ദ്രം പ്രഖ്യാപിച്ച ആദായനികുതിപരിധിക്ക് പുറത്താണെങ്കിലും ജാഗ്രതയോടെയുള്ള പ്രചാരണത്തിലൂടെ ബഡ്ജറ്റിലെ പൊള്ളത്തരം തുറന്നുകാട്ടാനാണ് നിർദ്ദേശം.
ഈ സാഹചര്യത്തിൽ കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളെ താരതമ്യം ചെയ്തും സംസ്ഥാന ബഡ്ജറ്റിലെ സാധാരണക്കാരോടുള്ള സമീപനം വ്യക്തമാക്കിയും പ്രചാരണപരിപാടികൾ സംഘടിപ്പിക്കാൻ ധാരണയായി. എല്ലാ ജില്ലകളിലും ബഡ്ജറ്റ് സെമിനാറുകൾ നടത്തും. മാർച്ച് അഞ്ചിന് തിരുവനന്തപുരത്ത് ഇ.എം.എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ 11ന് മുമ്പ് പൂർത്തിയാക്കണം.
വാഗ്ദാനങ്ങൾ നടപ്പാക്കാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര ബഡ്ജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രകൃതിദുരന്തം തകർത്ത കേരളത്തിന് കേന്ദ്രസഹായമൊന്നും ബഡ്ജറ്റിലില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ശ്രീധരൻപിള്ളയും പറഞ്ഞിട്ടുണ്ട്. ഇറക്കുമതി ചുങ്കത്തിൽ ഇളവിനുള്ള പ്രഖ്യാപനം നാണ്യവിളകളെ, പ്രത്യേകിച്ച് റബറിനെ പ്രതികൂലമായി ബാധിക്കും. എന്നാൽ, സാധാരണജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് ഇടതുപക്ഷമെന്ന് തെളിയിക്കുന്നതാണ് സംസ്ഥാന ബഡ്ജറ്റെന്നും കോടിയേരി പറഞ്ഞു.