തിരുവനന്തപുരം: തരംതാഴ്‌ത്തപ്പെട്ട ഡിവൈ.എസ്.പിമാരിൽ ചിലർ പൊലീസിലെ കൊടും ക്രിമിനലുകളാണെന്ന് സർക്കാർ. ഒരാൾ കൊലക്കേസ് പ്രതി. മൂന്ന് ശമ്പളവർദ്ധന തടയപ്പെട്ട് ശിക്ഷിക്കപ്പെട്ടവരും ഉണ്ട്. ഇവരിൽ ചിലരുടെ കേസുകൾ ഇങ്ങനെ:
എസ്.വിജയൻ
കൊല്ലത്തെ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഹാപ്പിരാജേഷ് കൊലചെയ്യപ്പെട്ട കേസിൽ സി.ബി.ഐ പ്രതിയാക്കി. അന്ന് കൊല്ലത്ത് സി.ഐ ആയിരുന്നു. സസ്പെൻഷനിലായി.
വിപിൻദാസ്
പാലക്കാട്ടെ ഷീല വധക്കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ പ്രതിയാക്കി. സസ്പെൻഷനിലായിരുന്നിട്ടും തിരിച്ചെടുത്ത് ഡിവൈ.എസ്.പിയായി താത്കാലിക സ്ഥാനക്കയറ്റം നൽകി. ഷീല വധക്കേസിൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
ടി.അനിൽകുമാർ
മദ്യലഹരിയിൽ കുണ്ടറ പടപ്പക്കരയിലെ 14കാരന്റെ കൈയിൽ സിഗരറ്റ് കുത്തിപ്പൊള്ളിച്ച കേസിൽ ക്രൈംബ്രാഞ്ച് പ്രതിയാക്കി. 2014 ആഗസ്റ്റിൽ കോട്ടയം ക്രൈംബ്രാഞ്ച് സി.ഐയായിരിക്കെയാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ ബാലനെ ഒരു പ്രകോപനവുമില്ലാതെ പൊള്ളലേൽപ്പിച്ചു. കുപ്പണ മദ്യദുരന്തത്തിലും ആരോപണവിധേയനായിരുന്നു.
മനോജ് കബീർ
വഞ്ചന ക്കേസ് അന്വേഷണത്തിനിടെ ഫയലിൽ കൃത്രിമം കാട്ടിയതിന് സസ്പെൻഷനിലായി. എസ്.എഫ്.ഐ പ്രവർത്തകരെ മർദ്ദിച്ച കേസിൽ പത്തനംതിട്ട കോടതി ഒരു ദിവസത്തേക്ക് ശിക്ഷിച്ചു. തരംതാഴ്ത്താൻ തീരുമാനിച്ചെങ്കിലും ചൊവ്വാഴ്ച വരെ സ്റ്റേ നേടിയതിനാൽ പട്ടികയിൽ ഇല്ല.
ഇ.സുനിൽകുമാർ
കൃത്യവിലോപത്തിന് മൂന്ന് ശമ്പളവർദ്ധന തടയപ്പെട്ടു തരംതാഴ്‌ത്തലിന് വിധേയനായി