തിരുവനന്തപുരം: മൂന്നുപേരെ പുതുതായി ഉൾപ്പെടുത്തി പാർട്ടി സംസ്ഥാന കൺട്രോൾ കമ്മിഷനെ സി.പി.എം പുനഃസംഘടിപ്പിച്ചു. കണ്ണൂർ പേരാവൂരിലെ സഹകരണ ആശുപത്രി ഭൂമിയിടപാട് വിവാദത്തിൽ ആരോപണ വിധേയനായ ടി. കൃഷ്ണൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണിത്.
സംസ്ഥാനകമ്മിറ്റി അംഗം എം. വിജയകുമാർ പുതിയ ചെയർമാനായേക്കും. വിജയകുമാറിന് പുറമേ ഗുരുവായൂർ എം.എൽ.എ കെ.വി. അബ്ദുൾഖാദർ, പനോളി വത്സൻ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ചെയർമാനെ കമ്മിഷൻ യോഗം ചേർന്നാണ് തീരുമാനിക്കുക.
ടി. കൃഷ്ണന് പുറമേ, അന്തരിച്ച ഇ. കാസിം, തൃശൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായ എം.എം. വർഗീസ് എന്നിവരുടെ ഒഴിവുകളാണുണ്ടായിരുന്നത്. എം.പി. ജോസഫ്, കെ.കെ. ലതിക എന്നിവർ മാത്രമാണ് ഇപ്പോൾ അംഗങ്ങളായുള്ളത്.
രണ്ട് സമ്മേളനങ്ങൾക്കിടയിലുണ്ടാകുന്ന ഒഴിവുകളിൽ സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന പാർട്ടി വ്യവസ്ഥയനുസരിച്ചാണ് തീരുമാനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പേരാവൂർ സഹകരണാശുപത്രി ഭൂമി വില്പനയിടപാടിൽ ഭരണസമിതി ചെയർമാനായിരുന്ന ടി. കൃഷ്ണന് ജാഗ്രതക്കുറവുണ്ടായെന്ന് സി.പി.എം വിലയിരുത്തിയിരുന്നു. ജില്ലാകമ്മിറ്റിയിൽ ശക്തമായ വിമർശനമുയർന്നതിനെ തുടർന്ന് ടി. കൃഷ്ണൻ കൺട്രോൾ കമ്മിഷൻ ചെയർമാൻ സ്ഥാനം ഒഴിയാൻ സന്നദ്ധനായി. ആരോഗ്യപ്രശ്നം കാണിച്ചായിരുന്നു മാറ്റം.