03

ശ്രീകാര്യം:മകനെ സ്‌കൂൾ വാനിൽ കയറ്റിവിട്ട് വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ ഇന്നോവ കാറിലെത്തി ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാട്ടാക്കട ,പൂഞ്ഞാംകോട്, പെരുംകുളം സ്വദേശിയായ രമേഷ് കുമാർ (34), കാട്ടാക്കട, പൂച്ചടിവിളയിൽ ഷാൻ മൻസിലിൽ ഷാനു (22) എന്നിവരാണ് പിടിയിലായത്. ശ്രീകാര്യം കല്ലമ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയെയാണ് ഇവർ തട്ടിക്കൊണ്ട് പോയത്. സംഭവത്തെ പറ്റി ശ്രീകാര്യം പൊലീസ് പറയുന്നത്:

വെളളിയാഴ്ച രാവിലെ 9 ന് മകനെ സ്കൂളിൽ വിട്ടിട്ട് തിരികെ കല്ലംപള്ളി ജഗ്‌ഷന് സമീപത്തെ സ്റ്റേറ്റ് ബാങ്കിന് മുന്നിലെത്തിയപ്പോൾ ഇന്നവോ കാറിൽ വന്ന പ്രതികൾ യുവതിയെ ബലമായി പിടിച്ച് കയറ്റി പട്ടം മരപ്പാലം ഭാഗത്തേക്ക് കൊണ്ട് പോയി. യുവതി നിലവിളിച്ചപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് മർദ്ദിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. നിലവിളി തുടർന്ന യുവതിയെ 10.30ഓടെ തിരികെ ശ്രീകാര്യം ഇളംകുളത്ത് കൊണ്ടുവന്ന് ഇറക്കിയശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കാട്ടാക്കടയിൽ നിന്ന് പിടികൂടിയത്.

ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയുമായി പ്രതികൾ അടുത്ത ബന്ധം സ്ഥാപിച്ച ശേഷമാണ് തട്ടിക്കൊണ്ട് പോയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവം പുറത്ത് പറഞ്ഞാൽ കുഞ്ഞിനെ കൊന്ന് കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴിനൽകി. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രമേഷ്. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം ശ്രീകാര്യം എസ്. ഐ. എസ്. സനോജ്, എ. എസ്. ഐ മാരായ മഹേഷ്, മാർവിൻ, സി. പി. ഒ മാരായ നിധീഷ്, സാബു ,അനിൽകുമാർ ,വനിത സി പിഒ ശ്രീജ, പ്രീത, ഗീത എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് . പ്രതികൾക്കെതിരെ തട്ടികൊണ്ട് പോകൽ, പീഡനം, വധഭീഷണി എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.