തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in വെബ്‌സൈറ്റ് വഴി ഇന്ന് മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ നീറ്റ് 2019ന് അപേക്ഷിച്ചവരായിരിക്കണം. സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ മാർച്ച് 31 വരെ അവസരമുണ്ടാകും.
എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഏപ്രിൽ 22 നും 23 നും നടക്കും. പത്ത് മുതൽ 12.30 വരെയാണ് പരീക്ഷ. 22ന് രാവിലെ പേപ്പർ ഒന്ന് ഫിസിക്‌സ്, കെമിസ്ട്രി, 23ന് പേപ്പർ രണ്ട് ഗണിത പരീക്ഷയും നടക്കും. ബിഫാം കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവർ എൻജിനീയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്ന് എഴുതണം. എൻജിനീയറിംഗ്, ബി.ഫാം പരീക്ഷ ജനറൽ വിഭാഗത്തിന് അപേക്ഷ ഫീസ് 700 രൂപയും എസ്.സിക്ക് 300 രൂപയുമാണ് ഫീസ്. രണ്ടിനും ഇതേ ഫീസായിരിക്കും. ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ പരീക്ഷകൾക്ക് ജനറൽ വിഭാഗത്തിന് 500, എസ്.സിക്ക് 200 രൂപയുമാണ്. രണ്ട് പരീക്ഷകളും എഴുതുന്നതിന് ഇതേ ഫീസായിരിക്കും. രണ്ട് വിഭാഗം പരീക്ഷകൾക്കുമായി ജനറൽ വിഭാഗത്തിന് 900, എസ്.സിക്ക് 400 രൂപയുമാണ് ഫീസ്. എസ്.ടി വിഭാഗത്തിന് അപേക്ഷ ഫീസില്ല. സംസ്ഥാനത്തെ മുഴുവൻ ജില്ലാകേന്ദ്രങ്ങളിൽ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും ഇതേ സമയപ്രകാരമായിരിക്കും പരീക്ഷ.