കല്ലറ: ജീവിതം വേരോടെ പിഴുതെറിയാനെത്തിയ അർബുദത്തെ പുഞ്ചിരിയോടെ മടക്കിയയച്ചതിന്റെ ആത്മവിശ്വാസമാണ് നന്ദുവിന്റെ പുഞ്ചിരി. എല്ലാം ഒരു ദുഃസ്വപ്നം, അല്ലെങ്കിൽ കാലിൽ ഒരു മുള്ളുകൊണ്ടു, അത്രയേ ഓർക്കാവൂ എന്ന് നന്ദുവിന് നിർബന്ധം. അർബുദം ഇടതുകാലിനെ കാർന്നെടുത്തെങ്കിലും ഈ ഇരുപത്തിയഞ്ചുകാരൻ കൂളാണ്. അതാണ് അർബുദത്തെ കീഴടക്കിയ സൂത്രവും. ആയിരക്കണക്കിന് അർബുദരോഗികൾക്ക് നന്ദുവിന്റെ ജീവിതം പ്രതീക്ഷയുടെ തുരുത്താണ്.

പാങ്ങോട് ഭരതന്നൂർ കൊച്ചുവയൽ ലേഖാ ഭവനിൽ ലേഖയുടെയും സോമൻപിള്ളയുടെയും മകനായ നന്ദു മഹാദേവനെ ഇരുപത്തിമൂന്നാം വയസിലാണ് അർബുദം ബാധിച്ചത്. മൂന്ന് കൊല്ലം മുമ്പ് ബി.ബി.എ വിദ്യാർത്ഥിയായിരിക്കെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാൽവേദനയുണ്ടായി. പരിശോധനയിൽ അർബുദമാണെന്ന് കണ്ടെത്തി. പിറ്റേവർഷം കാൽ മുട്ടിനു മുകളിൽ മുറിച്ചു. മാതാപിതാക്കൾ തളർന്നപ്പോഴും ധൈര്യം പകർന്ന് അവരെ ഒപ്പംനിറുത്തി. ക്രമേണ രോഗം ശ്വാസകോശത്തിലേക്ക് പടർന്നു.

ഡോക്‌ടർമാ‌ർ പ്രതീക്ഷ കൈവിട്ടപ്പോഴും മനസ് പതറിയില്ല. ചികിത്സയ്‌ക്കായി മാതാപിതാക്കൾ കിടപ്പാടംവരെ വിറ്റു. പഠനവും പാതിവഴിയിൽ നിന്നെങ്കിലും രോഗമുക്തനായി ജീവിക്കണമെന്ന ചിന്തയോടെ തിരിച്ചെത്തിയ നന്ദു ഇപ്പോൾ കാറ്ററിംഗ് സർവീസ് നടത്തുകയാണ്.

വൈറലായി പോസ്റ്റുകൾ, ഹിറ്റായി പാട്ട്

കീമോ കഴിയുമ്പോഴുള്ള കഠിന വേദന സംഗീതം, വായന, സോഷ്യൽ മീഡിയ എന്നിവയിലൂടെ നന്ദു അതിജീവിച്ചു. ചികിത്സയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. രോഗത്തെ ബലഹീനനായ ശത്രുമാത്രമായി കണ്ടുള്ള നന്ദുവിന്റെ പോസ്റ്റുകൾ മറ്റു രോഗികൾക്കും ആത്മവിശ്വാസമേകി. ഓരോ പോസ്റ്റും പതിനായിരങ്ങൾ ഷെയർ ചെയ്‌തു.

ഒരു സംഗീത സംവിധായകൻ തന്റെ ആൽബത്തിൽ പാടാനുള്ള അവസരം നൽകി. പാട്ട് ഹിറ്റായതോടെ അവസരങ്ങളായി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന പതിനഞ്ചും ഇരുപതും അർബുദ രോഗികളാണ് ആശ്വാസ വാക്കുകൾ തേടി നന്ദുവിനെ വിളിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഷൂട്ടിംഗിനെത്തിയ നന്ദുവിന് അവിടെയുണ്ടായിരുന്ന കിടിലം ഫിറോസ്, സിനിമാ താരങ്ങളായ പ്രിയാമണി, ജൂഡ് ആന്റണി, ആർ.ജെ. അരുൺ എന്നിവർ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌തിരുന്നു.

ആറ്റിങ്ങൽ സായിഗ്രാം ആശ്രമത്തിലെ അന്തേവാസിയായ നന്ദുവിനെ കാറ്ററിംഗിൽ സഹായിക്കാൻ മാതാപിതാക്കളും സഹോദരങ്ങളും നാലു ജീവനക്കാരുമുണ്ട്. ഇതിലൂടെ നന്ദുവിന്റേതുൾപ്പെടെ അഞ്ച് കുടുംബങ്ങളാണ് ജീവിക്കുന്നത്.