dronar

സമ്പൂർണ സോഷ്യലിസം ഇന്ത്യാമഹാരാജ്യത്ത് വിരിയിച്ചെടുക്കാനുള്ള പാട് ചില്ലറയല്ലാത്തത് കൊണ്ടാണ് ന.മോ.ജി ഒരുമാതിരിപ്പെട്ട അദ്ധ്വാനമെല്ലാമെടുത്ത് അമ്പത്താറിഞ്ച് നെഞ്ചളവ് വികസിപ്പിച്ചെടുത്തത് എന്ന രഹസ്യം ലോകത്തറിയാവുന്ന രണ്ടേ രണ്ട് പേർ നിതിൻ ഗഡ്കരീജിയും നമ്മുടെ സുവർണാവസരം പിള്ളച്ചേട്ടനും മാത്രമാണ്. ഹിന്ദി പഠിക്കാനെളുപ്പവഴി എന്നത് പോലെ അമ്പത്താറിഞ്ച് വികസനത്തിന് എളുപ്പവഴി എന്നൊരു ഗൈഡ് ഇറക്കാൻ ന.മോ.ജിയോട് അമിത് ഷാജിയണ്ണൻ കേണപേക്ഷിച്ചിരുന്നു. അതിറക്കിയാൽ ആദ്യം അത് തേടിപ്പിടിച്ച് വാങ്ങാൻ പോകുന്ന പഹയൻ രാഹുൽമോൻ ആകുമെന്ന് ന.മോ.ജിക്ക് തീർച്ചമൂർച്ചയായിരുന്നു. അതുകൊണ്ട് അമിത് ഷാജിയണ്ണന്റെ മോഹം പൂവണിഞ്ഞില്ല.

അമ്പത്താറിഞ്ചിനകത്ത് എന്തൊക്കെ സാധനസാമഗ്രികൾ ഒളിപ്പിച്ചുവയ്ക്കാനാകുമെന്നൊരു ധാരണ ഷാജിയണ്ണന് ഇല്ലാത്തതല്ല. ഒരു സർജിക്കൽ സ്ട്രൈക്കിന് വേണ്ടിവരുന്ന പാശുപതാസ്ത്രം,​ ആഗ്നേയാസ്ത്രം,​ കുഴിബോംബ്,​ തോക്ക്,​ പൊട്ടാസ് എന്നിത്യാദികൾ അതിൽ ആരുമറിയാതെ കിടന്നോളും. അറ്റകൈക്ക് കാശ്മീർവാലിയിൽ സർജിക്കൽസ്ട്രൈക്ക് വേണോ,​ ഇന്നാ പിടിച്ചോ എന്ന് പറഞ്ഞ് ന.മോ.ജിയുടെ ഒരറ്റാക്കാണ്. അമ്പമ്പോ,​ വിഭീഷണാ എന്ന നിലവിളി അപ്പോൾ ഇസ്ലാമാബാദിൽ നിന്ന് കേൾക്കാമെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമ്പത്താറിഞ്ചിന്റെ അപാര റേഞ്ച് ഏറ്റവും പ്രകടമാകുന്നത് വോട്ടുകാലത്താണെന്ന് ചില ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തിയത് വെറുതെയായിരുന്നില്ല. ഈ അമ്പത്താറിഞ്ചിനകത്ത് അതീവരഹസ്യമായി ഒളിപ്പിച്ചുവച്ചിട്ടുള്ള ചില ഉരുപ്പടികളുണ്ട്. അമ്പത്താറിഞ്ചിനകത്ത് തന്നെ പ്രത്യേക താഴിട്ട് പൂട്ടിയ ബി നിലവറയ്ക്കകത്താണ് അത് കിടപ്പുള്ളത്. പതിനഞ്ച് ലക്ഷം ഉറുപ്പിക വീതമടങ്ങിയ കുറേ കവറുകളാണെന്നായിരുന്നു ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. റിപ്പോർട്ട് സ്ഥിരീകരിക്കാത്തതാണെങ്കിലും സംഗതി ഏറെക്കുറെ കിറുകൃത്യം തന്നെയെന്ന് ഗഡ്കരിജിയും സുവർണാവസരം പിള്ളച്ചേട്ടനും അടുപ്പക്കാരോട് വെളിപ്പെടുത്തുകയുണ്ടായി.

ഈ പതിനഞ്ച് ലക്ഷം സമ്പൂർണസോഷ്യലിസം നടപ്പാക്കിയെടുക്കാനായി കരുതിവച്ചതാണെന്നാണ് ഇവരിരുവരുടെയും സാക്ഷ്യപ്പെടുത്തൽ. അങ്ങനെ കരുതിവച്ച നൂറ്റിച്ചില്വാനം കോടി കവറുകളെടുത്ത് കൊണ്ട് പോയി ബാങ്ക്- ബാങ്കാന്തരം കയറിയിറങ്ങി നൂറ്റിച്ചില്വാനം അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന ജോലി സന്നദ്ധസേവകരായി അവർ ഏറ്റെടുത്തിട്ടുണ്ട്. സന്നദ്ധസേവകരല്ല,​ സ്വയംസേവകരാണെന്നാണ് അമിത് ഷാജിയണ്ണൻ പറയുന്നത്. അതെന്തെങ്കിലുമായിക്കോട്ടെ.

അങ്ങനെ അതൊരുവിധം പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് ബി നിലവറയിൽ തന്നെ വേറൊരു കൂട്ടം കവറുകളിരിക്കുന്ന കാര്യം ന.മോ.ജി തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. ആറായിരത്തിന്റെ കുറേ കവറുകളാണത്രെ അത്. ഈ കവറുകളും കൂടി കാൽനടയായി,​ ബാങ്ക് ബാങ്കാന്തരം കയറിയിറങ്ങി അക്കൗണ്ടുകളിൽ നിക്ഷേപിക്കാനാണ് ന.മോ.ജി ചില ഗോയൽജിമാരെ ചട്ടംകെട്ടിനിറുത്തിയിരിക്കുന്നത്. കിസാൻ എന്ന് നീലനിറത്തിൽ എഴുതിവച്ച അക്കൗണ്ടുകളിലിടാനാണ് നിർദ്ദേശം. സമ്പൂർണ സോഷ്യലിസം വിരിയുന്നത് അതിന് ശേഷം മാത്രമായിരിക്കുമെന്ന് ന.മോ.ജിക്കറിയാം. അല്ലെങ്കിലും ന.മോ.ജിയെ ആരെങ്കിലും ഗുണകോഷ്ഠം പഠിപ്പിക്കേണ്ടതില്ലല്ലോ.

മറ്റേ പതിനഞ്ചിൽ ആറായിരം തട്ടിക്കിഴിക്കണോ,​ അതോ പുതുതായി ആറായിരം പതിനഞ്ചിന്റെ കൂട്ടത്തിലിടണോ എന്നെല്ലാമുള്ള സംശയങ്ങൾ ഗഡ്കരിജിയും ഗോയൽജിയും മറ്റും ഉന്നയിക്കുകയുണ്ടായി. ​ വേറെയും ചില ആയിരങ്ങൾ അതേ നിലവറയ്ക്കകത്ത് രഹസ്യമാക്കി വച്ചിട്ടുള്ളത് കൊണ്ട് തട്ടിക്കിഴിക്കേണ്ടതില്ല എന്ന ഉപദേശമാണ് ലഭിച്ചത്. സുവർണാവസരം പിള്ളച്ചേട്ടന് അത് കേട്ട് തൃപ്തിയായി എന്നാണ് പറയുന്നത്.

അമ്പത്താറിഞ്ച് ഉണ്ടാക്കിയെടുക്കാൻ,​ പഠിച്ചപണി പത്തിലധികവും പയറ്റിനോക്കിയിട്ടും സാധിച്ചില്ലെന്നാകിലും,​ രാഹുൽമോനും ആള് ചില്ലറക്കാരനല്ല. ഉള്ളത് കൊണ്ട് ഓണം പോലെയെന്ന പ്രമാണത്തിൽ അടിയുറച്ച് വിശ്വസിക്കുന്നതിനാൽ ഉള്ള നെഞ്ചളവിനകത്ത് വേറെ കുറേ കവറുകൾ രാഹുൽമോനും കരുതിവച്ചിട്ടുണ്ടായിരുന്നു. വോട്ട് കാലമല്ലേ,​ വെറുംകൈയോടെ നടക്കുന്നത് ശരിയല്ലല്ലോ. ആന്റണിജി കണ്ടാൽ വഴക്ക് പറഞ്ഞാലോ! അങ്ങനെയാണ് ആപത്ത് കാലത്തെടുത്ത് വീശാനായി കവറുകൾ മോൻജി സൂക്ഷിച്ചുവച്ചിരുന്നത്. അത് പുറത്തെടുക്കുമെന്നാണ് രാഹുൽമോൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഓരോ ദരിദ്രവാസിയുടെയും അക്കൗണ്ട് നിറയ്ക്കാനുള്ള വകയൊക്കെ അതിലുണ്ടെന്ന് രാഹുൽമോൻ പറഞ്ഞത് കേട്ട്,​ അമ്പമ്പട രാഭണാ! എന്ന് ന.മോ.ജി അമ്പത്താറിഞ്ചിൽ കൈവച്ച് നിലവിളിച്ചുപോയത്രെ! മറ്റേ ആറായിരത്തിന്റെ കവറെടുത്ത് വീശാൻ ന.മോ.ജിയെ നിർബന്ധിതനാക്കിയതും അതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഏതായാലും കർഷകന്റെ സമയം കൊള്ളാം! വച്ചടി വച്ചടി കൃഷിയിറക്കാനുള്ള പരുവത്തിലായിപ്പോയിരിക്കുകയാണ് ഹതഭാഗ്യന്മാർ! സോഷ്യലിസത്തിന്റെ ഇത്രയും ഭീകരമായ വേർഷൻ സ്വപ്നേപി അവരാരും നിരൂപിച്ചിട്ടുണ്ടാവില്ല.

..........................................

- ഈ ഭരണഘടന,​ ഭരണഘടന എന്ന് പറയുന്ന സാധനം പറ്റുവരവ് ബുക്കാണോ,​ ചെല്ലപ്പെട്ടിയാണോ എന്നതിനെ ചൊല്ലി കൺഫ്യൂഷൻ ലവലേശമില്ലാത്തയാളാണ് നമ്മുടെ ന.മോ.ജി. ആ ന.മോ.ജിയെ ഉറുക്കുകാട്ടി ഭയപ്പെടുത്താൻ വല്ല പിണറായിസഖാവോ മറ്റോ ശ്രമിച്ചാൽ അതേ ഓർമ്മയുണ്ടാകൂ.

തൃശൂരിൽ യുവമോർച്ചറാലിയിൽ പ്രസംഗം കാച്ചാനെത്തിയ ന.മോ.ജി പിണറായിസഖാവ് ആൻഡ് കോ. ഈ ഭരണഘടനാ ചെല്ലപ്പെട്ടിയെടുത്ത് കളിക്കുന്ന കളി കണ്ട് മൂക്കത്ത് വിരൽവച്ച് പോയി! സുപ്രീംകോടതി എന്നാൽ ഭരണഘടനയുമായി നാഭീനാള ബന്ധം പോലുമില്ലാത്ത ഉരുപ്പടിയാണ്. ആ സുപ്രീംകോടതി വന്നിട്ട് നിങ്ങളെന്താ ഭരണഘടനാപരമായ മൗലികാവകാശം പാലിക്കില്ലേ എന്ന് ന.മോ.ജിയോട് ചോദിച്ചാൽ 'പോയി പണി നോക്കൂ, മിഷ്ടർ' എന്നാകും ഉത്തരം.

ന.മോ.ജി മുത്തലാക്ക് ബില്ല് കൊണ്ടുവരുമ്പോൾ എതിർക്കുന്ന പിണറായിസഖാവ് ആൻഡ് കോ. പാർട്ടിക്കാരാണ് ഭരണഘടനാചെല്ലപ്പെട്ടിക്ക് പുല്ലുവില കല്പിക്കുന്നത് എന്ന് ന.മോ.ജിക്ക് നല്ലപോലെ അറിയാം. അല്ലാതെ ശബരിമലയിലെ മറ്റേ വിധി നടപ്പാക്കാൻ പറഞ്ഞാൽ പോയി പണിനോക്കാൻ പറയുന്ന ഏർപ്പാടിന് ഭരണഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തിക്കൊള്ളട്ടെ. ന.മോ.ജിക്ക് അല്ലെങ്കിലും ഭരണഘടനയോട് നിർവ്യാജമായ കൂറും സത്യസന്ധതയുമാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com