നേമം: റോഡ് നവീകരിച്ച് യാത്ര സുഗമമാകുമ്പോൾ റോഡിൽ ആപകടങ്ങളുടെ എണ്ണവും പെരുകുകയാണ്. സ്വന്തം വാഹനത്തിന്റെ സുഗമമായ യാത്ര എന്നതിനപ്പുറം മറ്റ് വാഹനങ്ങളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. കരമന- പ്രാവച്ചമ്പലം വരെ വീതികൂട്ടിയ പാതയിൽ ഡ്രൈവർമാർ റോഡിന്റെ ഇടതുവശം ചേർന്ന് പോകാൻ മടിക്കുന്നതും അപകടങ്ങൾ പതിവാകുന്നതിന് പ്രധാന കാരണമാണ്. കഴിഞ്ഞ മാസം കരമനയിലും കൈമനത്തുമുണ്ടായ രണ്ട് അപകടങ്ങളുടെയും കാരണം ഇരുചക്രവാഹനത്തെ ബസ് മറികടക്കുന്നതിനിടയിൽ സംഭവിച്ചതാണ്. ജനുവരി 19ന് കരമന ആണ്ടിയിറക്കത്തിൽ വച്ച് ഗർഭിണിയായ ധന്യയും, 25ന് കൈമനത്തു വച്ച് 65 വയസുള്ള രമാഭായിയും അപകടത്തിൽ മരിച്ചത് ഇക്കാരണത്താലാണ്.
കൈമനത്തും കരമനയിലും ഉണ്ടായ അപകടങ്ങളും ഇരുചക്രവാഹനത്തെ ബസ് മറികടക്കുന്നതിനിടെയാണ്. ഡിവൈഡറിനോട് ചേർന്ന് റോഡിന്റെ വലതുവശത്തുകൂടി പോകുന്ന വാഹനത്തിനെ ബസ് ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിക്കുന്നു. ബസിന് ഇടതുവശത്തുകൂടി പോകുന്ന ഇരു ചക്രവാഹനത്തിൽ ബസിന്റെ ബോഡി തട്ടി അപകടമുണ്ടാകുന്നു. ഇരുചക്രവാഹനത്തിൽ പിൻ സീറ്റിൽ ഇരിക്കുന്ന സ്ത്രീ ഇടതുവശം ചരിഞ്ഞിരിക്കുകയാണെങ്കിൽ ഓടിക്കുന്ന വാഹനവും യാത്രക്കാരും ഇടതുവശത്തേക്ക് ചരിയുകയും പിന്നിലിരിക്കുന്ന സ്ത്രീ ബസിനടിയിൽ പെടുകയും ചെയ്യും.
അടിയന്തര ഘട്ടത്തിൽ വാഹനങ്ങൾ ഒതുക്കുന്നതിന് വേണ്ടി വെള്ള വരയിട്ട് കാരേജ് വേയിൽ നിന്നു വേർതിരിച്ച് ഫുട്പാത്ത് വരെ 3 മീറ്റർ പേവ്ഡ് ഷോൾഡറുണ്ട്. എന്നാൻ ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുകയാണ് പതിവ്. ഇതുകാരണം ഓരോ വശത്തും 7.5 മീറ്റർ മാത്രമുള്ള കാരേജ് വേയിലൂടെ ഞെരുങ്ങിവേണം വാഹനങ്ങൾ സഞ്ചരിക്കാൻ.