ksrtc

ദിവസ വരുമാനം കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം:നാഥനില്ലാ കളരിയായതോടെ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് വരുമാനത്തിൽ ദിവസം ഒരു കോടി രൂപ കുറ‌ഞ്ഞു. ജനുവരിലെ ശമ്പളം സ്വന്തം വരുമാനത്തിൽ നിന്ന് കൊടുത്തതിന്റെ ചൂടാറും മുമ്പേ വരുമാനം കുത്തനേ ഇടിയുകയായിരുന്നു. ഈ മാസത്തെ ശമ്പളം നൽകാൻ പഴയതുപോലെ സർക്കാരിനോട് കെഞ്ചണം. കിട്ടിയില്ലെങ്കിൽ ബാങ്ക് വായ്പ തന്നെ ശരണം.

ജനുവരിയിൽ എട്ടര കോടി രൂപ വരെ കളക്‌ഷൻ കിട്ടിയ ദിവസമുണ്ടായിരുന്നു. ശരാശരി ദിവസ കളക്‌ഷൻ 6.75 കോടി രൂപയായിരുന്നു. 26 വരെ കളക്‌ഷൻ വലുതായി കുറഞ്ഞില്ല. 27 ആയപ്പോഴേക്കും 5.6 കോടിയിലേക്കു കൂപ്പുകുത്തി. ഹർത്താൽ, പണിമുടക്ക് ദിവസങ്ങൾ ഒഴിച്ചാൽ കുറെ നാളുകളായി കളക്‌ഷൻ ആറു കോടിയിൽ താഴെ കുറഞ്ഞിട്ടേ ഇല്ല. താത്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടപ്പോൾ പോലും ഇത്രയേറെ കളക്‌ഷൻ കുറവുണ്ടായില്ല. മാത്രമല്ല, റൂട്ടുകൾ പുനഃക്രമീകരിച്ച് കളക്‌ഷൻ വർദ്ധിപ്പിക്കാനും കഴിഞ്ഞു. തച്ചങ്കരിയെ എം. ഡി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും പകരം ആരും ചുമതല ഏൽക്കാതിരിക്കുകയും ചെയ്തതോടെയാണ് കോർപ്പറേഷന്റെ പ്രവർത്തനം താളം തെറ്റിയത്. മിക്കവാറും ഡിപ്പോകളിൽ പരിഷ്‌കാരങ്ങൾ അട്ടിമറിക്കാൻ യൂണിയൻ നേതാക്കൾ ഇടപെടുകയും ചെയ്തു. സംസ്ഥാനത്താകെ യാത്രാക്ളേശം വീണ്ടും രൂക്ഷമായി.

കളക്‌ഷനിലെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് ഡെപ്യൂട്ടി ജനറൽ മാനേജർ (ഓപ്പറേഷൻസ്) സർക്കുലർ ഇറക്കി. ഓരോ യൂണിറ്റും ടാർജറ്റ് നേടണമെന്നായിരുന്നു നിർദ്ദേശം. പക്ഷേ, ഒന്നും സംഭവിച്ചില്ല. അന്നത്തെ കളക്‌ഷൻ 5.85 കോടി മാത്രമായിരുന്നു.

കോർപ്പറേഷന്റെ മാസ വരുമാനം 50 കോടി രൂപ വർദ്ധിപ്പിച്ച് ഓണത്തിനുമുമ്പ് ശമ്പള വർദ്ധന നടപ്പാക്കാനുള്ള പദ്ധതിവരെ ടോമിൻ തച്ചങ്കരി തയ്യാറാക്കിയിരുന്നതാണ്. ജീവനക്കാരുടെ സഹകരണത്തോടെ പദ്ധതി വിജയിപ്പിക്കാനായിരുന്നു തീരുമാനം. അദ്ദേഹത്തെ മാറ്റിയതോടെ ആ പദ്ധതി സർക്കാർ തന്നെ 'കുള'മാക്കിയ നിലയിലായി.പെൻഷൻ ഒഴികെയുള്ള എല്ലാ ബാദ്ധ്യതകളും സ്വന്തമായി നിറവേറ്റാൻ കോർപ്പറേഷനെ പ്രാപ്തമാക്കുകയായിരുന്നു തച്ചങ്കരി പദ്ധതിയുടെ ലക്ഷ്യം.