dr

തിരുവനന്തപുരം: 'ഇങ്ങനെയൊക്കെ നടന്നാൽ മതിയോ?'

ഡോ. റോബിൻ ചോദിക്കുമ്പോൾ സാം സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, തന്റെ മറുപടി വൈറലാകുമെന്ന്... ഇൻസ്റ്റാഗ്രാമിൽ ഹിറ്റാകുമെന്ന്!

'ഒന്നു പ്രശസ്തനാകണമെന്ന് ആഗ്രഹമില്ലാഞ്ഞല്ല സാറേ. പക്ഷേ, നമ്മളെയൊക്കെ ആര് ശ്രദ്ധിക്കാൻ! അമ്മയുടെ വലിയ ആഗ്രഹമാണ്, ഞാനൊന്നു പ്രശസ്തനാകണമെന്ന്. പക്ഷേ, എന്തെങ്കിലും കഴിവുവേണ്ടേ!'

രണ്ടു വർഷമായി ആശുപത്രി വാതില്‌ക്കൽ സല്യൂട്ടടിച്ചു നില്‌ക്കുന്ന സാം പറഞ്ഞതുകേട്ട് തിരുവനന്തപുരം ജി.ജി ഹോസ്‌പിറ്റലിലെ ഡോ. റോബിൻ രാധാകൃഷ്‌ണൻ ചിരിച്ചെങ്കിലും, ചിരിച്ചുതള്ളിയില്ല.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഡോ. റോബിൻ കാത്തിരുന്നു. സെക്യൂരിറ്രി ജീവനക്കാരൻ സാം വരട്ടെ - ആഗ്രഹം സാധിച്ചുകൊടുക്കാം. സാം എത്തിയപ്പോൾ ഡോക്‌ടർ മുറിയിലേക്കു വിളിപ്പിച്ചു. അമ്മയുടെ ഫോട്ടോ കൈയിൽ പിടിച്ച് സാം തന്റെ ആഗ്രഹം പറയുന്നത് മൊബൈലിൽ ഷൂട്ട് ചെയ്തു. 'എനിക്കൊന്നു പ്രശസ്‌തനാകണം. അതിനുള്ള കഴിവൊന്നുമില്ല. ഈ വീഡിയോ ആരൊക്കെ കാണുമെന്ന് അറയില്ല. ഇതു കണ്ടാൽ അമ്മയ്ക്ക് സന്തോഷമാകും.'

ഡോ. റോബിൻ അത് 20 ലക്ഷം ഫോളോവേഴ്സ് ഉള്ള സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തു. വൈകിട്ടായപ്പോൾ സാമിന് 20 ലക്ഷം ലൈക്ക്. അതിലധികം ഷെയേഴ്സ്. നിന്നനില്പിൽ സാം പ്രശ്സതൻ.

പട്ടം ഹീരാ സെൻട്രലിലെ ഫ്ളാറ്റ് 14 / എ-യിൽ എസ്. രാധാകൃഷ്‌ണന്റെയും ബീനയുടെയും മകനാണ് ‌ഡോ. റോബിൻ. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഡോക്‌ടറുടെ മോട്ടിവേഷണൽ സ്‌പീച്ചുകൾ സൂപ്പർ ഹിറ്റാണ്. മൂന്നു മാസമായി ഡോക്‌ടർ ഓഫെടുത്തിട്ട്. വെറുതേയിരിക്കുന്നതിൽ ത്രില്ലുണ്ടോ? ഡോക്‌ടർക്കുമുണ്ട് ഒരാഗ്രഹം- പത്തു മണിക്കൂർ കൊണ്ട് താൻ എഴുതിയ തിരക്കഥ സിനിമയാക്കണം. അപ്പോൾ അഭിനയം? 'പിന്നില്ലാതെ! ഒരു കൈ നോക്കാം.'

ഒരു ന്യൂ ഇയർ വൈറൽ

സാമിനെ ഫെയ്‌മസ് ആക്കുന്നതിനു മുമ്പേ ‌ഡോ. റോബിൻ വൈറൽ ആക്കിയ മറ്റൊരു വീഡിയോ ഉണ്ട്. ഓൺലൈൻ ഫുഡ് ആപ്പിലെ ജീവനക്കാരൻ ജിത്തുവാണ് നായകൻ. പുതുവത്സരത്തലേന്ന്, ലോകം പാട്ടും കൂത്തുമായി ആഘോഷിക്കുമ്പോൾ ഭക്ഷണമെത്തിക്കാൻ ഓടിനടക്കുന്നവരുടെ സങ്കടം ഡോ. റോബിന്റെ മനസിലെത്തി. ഭക്ഷണം ഓർഡർ ചെയ്തു. മിനിട്ടുകൾക്കകം ആളെത്തി. പായ്ക്കറ്റ് നീട്ടിയ ജിത്തുവിനോട് ഡോക്‌ടർ പറഞ്ഞു: സുഹൃത്തേ, ഇത് നിങ്ങൾക്കുള്ള ന്യൂ ഇയർ ഗിഫ്റ്റ് ആണ്! സംഭവം ഇൻസ്റ്റാഗ്രാമിലെത്തി. പ്രശസ്‌തനാകാൻ ആഗ്രഹമില്ലാഞ്ഞിട്ടും ജിത്തു വൈറലായി.