v

കടയ്ക്കാവൂർ: പെരുങ്കുളം ജംഗ്ഷനിലെ നവീകരണം പൂർത്തിയായ റോഡിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു. ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ അമിതവേഗതയിലും അശ്രദ്ധയിലും ഓടിക്കുന്നതാണ് വാഹനാപകടങ്ങളുടെ മുഖ്യകാരണം. അപകടങ്ങൾ വർദ്ധിക്കുമ്പോഴും കടിഞ്ഞാണിടാൻ അധികൃതർക്ക് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആലംകോട്-മണനാക്ക് വഴി കടയ്ക്കാവൂർ റോഡിലാണ് പെരുംങ്കുളം ജംഗ്ഷൻ സ്ഥിതി ചെയ്യുന്നത്. സമീപത്തായി അനവധി വ്യാപാര സ്ഥാപനങ്ങളും മദ്രസയും ക്രിസ്ത്യൻപളളിയും സ്ഥിതി ചെയ്യുന്നുണ്ട്. തിരക്കേറിയ വാഹന ഗതാഗതത്തിന് പുറമേ കാൽനടയാത്രക്കാരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കൂടാതെ സ്കൂൾ വിദ്യാർത്ഥികളും ഈ ജംഗ്ഷൻ വഴി യാത്ര ചെയ്യുന്നുണ്ട്.

റോഡ് നവീകരിച്ചതോടെ പെരുങ്കുളം ജംഗ്ഷനിലൂടെ അമിത വേഗതയിലാണ് മിക്ക വാഹനങ്ങളും സഞ്ചരിക്കുന്നത്. ഇൗ ജംഗ്ഷനിൽ ഉണ്ടായിരുന്ന രണ്ട് ഹമ്പുകൾ റോഡ് നവീകരിച്ചതോടെ പൊളിച്ചുമാറ്റിയിരുന്നു. ഹമ്പുകളുടെ അഭാവവും അപകടം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഹമ്പുകൾ പുനസ്ഥാപിക്കണണമെന്ന് ആവശ്യപ്പെട്ട് പരാതികൾ കൊടുത്തിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇവിടെ റോഡിന്റ ഒരുവശം ചിറയിൻകീഴ് നിയോജകമണ്ഡലവും മറുവശം ആറ്റിങ്ങൽ നിയോജക മണ്ഡലവുമാണ്. അതുപോലെ തന്ന റോഡിന്റെ ഒരുവശം മണമ്പൂർ പഞ്ചായത്തും മറുവശം കടയ്ക്കാവൂർ പഞ്ചായത്തുമാണ്. എം.എൽ.എമാരും പഞ്ചായത്ത് പ്രതിനിധികളും ഇടപെടണമെന്നും അടിയന്തിരമായി ഇവിടെ ഹമ്പ് സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിയ്ക്കമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.