bms

തിരുവനന്തപുരം: അധികാരത്തിനുവേണ്ടി തൊഴിലാളി സ്‌നേഹം പറയുകയും അധികാരം കിട്ടിക്കഴിഞ്ഞാൽ തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്യുന്ന നയമാണ് ഇടതുപക്ഷത്തിന്റേതെന്ന് ബി.എം.എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വൃജേഷ് ഉപാദ്ധ്യായ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് പുത്തരിക്കണ്ടം മൈതാനത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തൊഴിലില്ലായ്‌മ വർദ്ധിക്കുകയാണെന്നും നിരവധി തൊഴിലാളികൾ ജോലിനോക്കുന്ന കശുഅണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കയർത്തൊഴിലാളികൾ ഇന്ന് പട്ടിണിയിലാണ്. തോട്ടം തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷയില്ലെന്നും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ കേന്ദ്രം നൽകുന്ന 60 ശതമാനം തുക മറ്റ് മേഖലകളിലേക്ക് വകമാറ്റി ചെലവഴിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാജീവൻ, വൈസ്‌ പ്രസിഡന്റുമാരായ സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ബി. ശിവജി സുദർശൻ തുടങ്ങിയവർ സംസാരിച്ചു.