atl03fa

ആറ്റിങ്ങൽ: പ്രഥമ ഇന്റോ - അറബ് ചിത്രമായ ‘ സയാന’ ഫെബ്രുവരി 7ന് ഒമാനിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ അത് ആറ്റിങ്ങലിന് അഭിമാന മുഹൂർത്തം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് നാടുകളിലുമായി ചിത്രീകരിച്ച സിനിമ ആറ്റിങ്ങൽ സ്വദേശികളായ നിരവധിപേരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പ്രിവ്യൂ ഷോ ഇന്ന് ഒമാനിൽ നടക്കും. മസ്‌കറ്റ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് സിറ്റി പാർക്ക് ഹോട്ടലിലെ വോക്‌സ് വെള്ളിത്തിരയിൽ പ്രദർശിപ്പിക്കും. ഡോക്ടർ ഖാലിദ് അൽ സിദ്ജാലി അണിയിച്ചൊരുക്കിയ ചിത്രത്തിൽ ആറ്റിങ്ങൽ സ്വദേശി എൻ. അയ്യപ്പനാണ് ഛായാഗ്രഹണം നിർവഹിച്ചത്. സിനിമയിൽ കേരളത്തിൽ നടക്കുന്ന സംഭവങ്ങളുടെ തിരക്കഥയെഴുതിയതും സംവിധാന സഹായിയായി പ്രവർത്തിച്ചതും ആറ്റിങ്ങൽ സ്വദേശിയായ അനുശീലനാണ്. നടൻ ഗോപകുമാറിനൊപ്പം​ ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ് പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹിയായ റിജുറാം പ്രധാന വേഷത്തിലെത്തുന്നു. നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ നിലയ്ക്കാമുക്ക് സ്വദേശി എ.കെ. നൗഷാദും അസിസ്റ്റന്റ് കാമറാമാനായി ജയൻ കീഴ്പേരൂരും സയാനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശികളായ കവി വിജയൻ പാലാഴി, അശ്വതി, രാജേഷ്, ആദംലീ എന്നിവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഷമീർ കുളമുട്ടം ഛായാഗ്രഹണ സഹായിയായും അജീഷ് ലോട്ടസ്,​ രവി എന്നിവർ നിശ്ചല ഛായാഗ്രാഹകരായും പ്രവർത്തിച്ചു. ഒമാനിൽ നിന്നും പ്രത്യേക സാഹചര്യത്തിൽ കേരളത്തിലെത്തിയ സയാന എന്ന പെൺകുട്ടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഒമാനിലെ പ്രമുഖ താരങ്ങളായ അലി അൽ അംറി,​ നൂറാ അൽഫാർസി,​ താലിബ് അൽ ബലൂഷി,​ സുൽത്താൻ അൽ അഹമ്മദ് എന്നിവർ ഇതിൽ വേഷമിടുന്നു. ഒമാൻ ടെലിവിഷൻ പബ്ലിക് അതോറിട്ടി,​ ഡയമണ്ട് വർക്‌സ്,​ ഹീരാഫിലിംസ് എന്നിവർ ചേർന്നാണ് സയാന നിർമ്മിച്ചത്. പൊൻമുടി,​ വയനാട്,​ ആലപ്പുഴ,​ തിരുവനന്തപുരം, ഒമാൻ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകൾ.