തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. മെഡിക്കൽ, എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, ഡെന്റൽ, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് www.cee.kerala.gov.in വഴി 28 നു വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ നീറ്റ് 2019ന് അപേക്ഷിച്ചവരായിരിക്കണം. സർട്ടിഫിക്കറ്റ്, അനുബന്ധ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യാൻ മാർച്ച് 31 വരെ അവസരമുണ്ട്. നേറ്റിവിറ്റി, ജനനത്തീയതി തുടങ്ങിയ രേഖകൾ 28നു മുമ്പ് അപ്‌ലോഡ് ചെയ്യണം. ഒരാൾ ഒരു കോഴ്സിലേക്കോ ഒന്നിലധികം കോഴ്സുകളിലേക്കോ ആയി ഒരു അപേക്ഷയേ നൽകാവൂ. നീറ്റ് എഴുതുന്നവർ സംസ്ഥാനത്തു മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു പ്രവേശന പരീക്ഷാ കമ്മിഷണർക്കു പ്രത്യേകം അപേക്ഷ നൽകണം.
എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഏപ്രിൽ 22, 23 തീയതികളിലായി നടക്കും. 22ന് രാവിലെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി, 23ന് പേപ്പർ രണ്ട് ഗണിത പരീക്ഷയും നടക്കും.
ബി.ഫാം കോഴ്സിന് പ്രവേശനം ആഗ്രഹിക്കുന്നവർ എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ പേപ്പർ ഒന്ന് എഴുതണം. ബി ആർക് കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ നാറ്റ പരീക്ഷയെഴുതി ജൂൺ 10 നു മുമ്പ് യോഗ്യത നേടണം.
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയും ഫീസും ഉൾപ്പെടയുള്ള വിവരങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഏപ്രിൽ 10 മുതൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.